LiveTV

Live

Kerala

കൊടിസുനി ഭീഷണിപെടുത്തിയത് കോട്ടയം സ്വദേശിയുടെ ഫോണ്‍ നമ്പറുപയോഗിച്ച്

കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ളതാണ് മുബൈല്‍ ഫോണ്‍ നമ്പെറന്ന് വ്യക്തമായതോടെ അന്വേഷണ സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കൊടിസുനി ഭീഷണിപെടുത്തിയത് കോട്ടയം സ്വദേശിയുടെ ഫോണ്‍ നമ്പറുപയോഗിച്ച്

കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടി സുനി ജയില്‍ നിന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊടി സുനി ഉപയോഗിച്ചത് കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ള നമ്പറാണെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര്‍ന്ന് അനൂപിനെ തേടി പോലീസ് കോട്ടയത്തേക്ക് തിരിച്ചു.

കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കോഴിശേരി മജീദിനെ രേഖകളില്ലാത്ത സ്വര്‍ണം ഖത്തറില്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ട് ജയില്‍ നിന്നും വിളിച്ച് കൊടി സുനി ഭീഷണിപെടുത്തിയെന്നായിരുന്നു പരാതി. കോഴിശേരി മജീദിന്റെ ഭാര്യ ഷെബിനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ പറയുന്ന നമ്പര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കോട്ടയം സ്വദേശി അനൂപിന്റെ പേരിലുള്ളതാണ് മുബൈല്‍ ഫോണ്‍ നമ്പെറന്ന് വ്യക്തമായതോടെ അന്വേഷണ സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. ഈ നമ്പര്‍ ജയില്‍ പരിസരത്ത് ഉണ്ടായിരുന്നോ എന്ന് ഉറപ്പാക്കാനായി കോള്‍ വിശദാംശങ്ങളടങ്ങുന്ന രേഖ ശേഖരിക്കും. ഒപ്പം കൊടി സുനിയും അനൂപും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഖത്തറില്‍ നിന്ന് മടങ്ങിയെത്താതിനാല്‍ കോഴിശേരി മജീദിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.