LiveTV

Live

Kerala

‘ഫയലുകള്‍ മനപ്പൂര്‍വം വെെകിപ്പിക്കില്ല’; മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ

ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെവിടെയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ കളക്ടറുടെ നേൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

‘ഫയലുകള്‍ മനപ്പൂര്‍വം വെെകിപ്പിക്കില്ല’; മലപ്പുറത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ

ചുവപ്പ് നാടയിൽ കുരുക്കി ഫയലുകൾ മനപ്പൂർവ്വം വൈകിപ്പിക്കില്ലെന്ന് മലപ്പുറത്തെ സർകാർ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ. ആന്തൂരിലെ വ്യവസായി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിജ്ഞ. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫിസുകളില്‍ ഒത്തു ചേര്‍ന്നാണ് അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തത്.

രാവിലെ കൃത്യം പതിനൊന്ന് മണി കഴിഞ്ഞ് 11 മിനുട്ട് സമയത്താണ് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ജീവനക്കാർ അതത് ഓഫീസുകളിൽ ഒത്തുകൂടി അഴിമതി വിരുദ്ധ പ്രതിജ്ഞയെടുത്തത്. ചുവപ്പ് നാടയിൽ കുരുക്കി ഒരാളുടെയും ഫയലുകൾ മനപ്പൂർവ്വം വൈകിപ്പിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ.

ആന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെവിടെയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ കളക്ടറുടെ നേൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർമിപ്പിക്കുന്നതായിരുന്നു പ്രതിജ്ഞ.

അപേക്ഷകരോട് പാരിതോഷികങ്ങൾ ആവശ്യപ്പെടരുത്, മാന്യമായി പെരുമാറുക, ഫയൽ തീർപ്പാകാൻ വൈകുമെങ്കിൽ അതിന്റെ കാരണം അപേക്ഷകനെ അറിയിക്കുക തുടങ്ങിയവ സർക്കാർ ഉദ്യോഗസ്ഥർ സ്വയം ഉറപ്പ് വരുത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പ്രതിജ്ഞയ്ക്ക് ശേഷം പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ യോഗം ചേർന്നു.

കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച കണക്ക് ഒരാഴ്ച്ചക്കകം സമർപ്പിക്കാൻ പഞ്ചായത്ത് - മുനിസിപ്പൽ സെക്രട്ടറിമാരോട് ജില്ല കളക്ടർ ആവിശ്യപ്പെട്ടിട്ടുണ്ട്