LiveTV

Live

Kerala

തടയണ പൊളിക്കാൻ കൂടുതൽ സമയം വേണം; ഹൈക്കോടതിയിൽ ജില്ലാ ഭരണകൂടത്തിന്റെ സത്യവാങ്മൂലം

ഹൈക്കോടതി നിർദേശ പ്രകാരം തടയണ പൊളിച്ച് ഇന്നലെ മുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നു 

തടയണ പൊളിക്കാൻ കൂടുതൽ സമയം വേണം; ഹൈക്കോടതിയിൽ ജില്ലാ ഭരണകൂടത്തിന്റെ സത്യവാങ്മൂലം

പി.വി.അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹൈക്കോടതി നിർദേശ പ്രകാരം തടയണ പൊളിച്ച് ഇന്നലെ മുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നു. കേസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജൂൺ 21നാണ് പി.വി.അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ തടയണ ഹൈക്കോടതി നിർദേശ പ്രകാരം പൊളിച്ച് തുടങ്ങിയത്. പന്ത്രണ്ട് ദിവസമെടുത്ത് ഇതുവരെ മാറ്റിയത് 850 ക്യൂബിക് മീറ്റർ മണ്ണാണ്. നാലര മീറ്റർ വീതിയിൽ മണ്ണ് മാറ്റി തോട് കീറിയാണ് വെള്ളം പുറത്ത് വിടുന്നത്. കോടതി ഉത്തരവനുസരിച്ച് ആറ് മീറ്റർ വീതിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് 1200 ക്യൂബിക് മീറ്റർ മണ്ണ് മാറ്റണം. വീതി കൂട്ടാനും മണ്ണ് മാറ്റാനും ഏഴ് മുതൽ പത്ത് ദിവസം കൂടി വേണമെന്നാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്‌.

വനത്തിനോടു ചേർന്ന ഭൂമിയിൽ പ്രവൃത്തികൾക്ക് വലിയ വെല്ലുവിളിയാണ് ഉദ്യോഗസ്ഥർ നേരിടുന്നത്. മഴയും കാട്ടാനശല്യവും മണ്ണ് മാറ്റിയിടാൻ സ്ഥലമില്ലാത്തതും യന്ത്രങ്ങൾ പണിമുടക്കുന്നതും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തി പൂർത്തിയാക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടമയിൽ നിന്ന് റവന്യൂ റിക്കവറി ചെയ്ത് ഈടാക്കാനാണ് കോടതി നിർദ്ദേശം.