LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്.പിയെ സംരക്ഷിക്കുന്ന നിലപാടുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയേറ്റും 

എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന നിലപാടിലാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്

 നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്.പിയെ സംരക്ഷിക്കുന്ന നിലപാടുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയേറ്റും 

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ സംരക്ഷിക്കുന്ന നിലപാടുമായി മന്ത്രി എം.എം മണിയും ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റും. എസ്.പിയെ ഒഴിവാക്കി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന നിലപാടിലാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. രാജ്കുമാറിന്റെ സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

റിമാന്‍ഡ് പ്രതി രാജ്കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്ന ഇടുക്കി എസ്.പി വേണുഗോപാലിനെ സംരക്ഷിക്കുന്ന നിലപാടുമായാണ് സി.പി.എം രംഗത്തെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കാട്ടിയിരിക്കുന്നത്. എന്നാല്‍ ആരോപണ വിധേയനായ എസ്.പിയെ പരാമര്‍ശിക്കാതെയാണ് വാര്‍ത്താ കുറിപ്പ്. അതിനിടെ ഇടുക്കി എസ്.പിയെ സംരക്ഷിക്കുന്ന നിലപാടുമായി മന്ത്രി എം.എം മണി രംഗത്തെത്തി. എസ്.പിയെ പ്രതിപക്ഷം ഉന്നം വയ്ക്കുന്നുവെന്നാണെന്നും സ്ഥാപിത താല്‍പര്യമാണ് ഇതിനു പിന്നിലെന്നും മണി പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം വേഗത്തിലാക്കുകയാണ്. സംഭവത്തില്‍ സസ്പെന്‍ഷനിലായ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് വിശദമായി ശേഖരിച്ചു. ഒപ്പം പീരുമേട് സബ് ജയിലിലെ സൂപ്രണ്ടും വാര്‍ഡനുമടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. മൊഴികളില്‍ വൈരുധ്യം ഉള്ളതിനാല്‍ വീണ്ടും ഇവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസിലെ മറ്റ് രണ്ട് പ്രതികളായ ശാലിനി, മഞ്ജു എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോട്ടയം വനിതാ സബ് ജയിലിലായിരുന്ന ഇവരെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്യും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെയും പീരുമേട് സബ് ജയിലിലെയും സിസി ടിവി ദൃശ്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുകയാണ്.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; അന്വേഷണ സംഘം ജയില്‍ വാര്‍ഡന്റെ മൊഴിയെടുത്തു

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; ആരോപണ വിധേയനായ എസ്.പിക്ക് പരോക്ഷ പിന്തുണയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്