LiveTV

Live

Kerala

സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാഴ്‍വാക്കായി

കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരം മുറിക്കുന്നതിന് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിന്‍റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതിന്  അനുമതി ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവന പാഴ്‍വാക്കായി

സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതിന് വനം വകുപ്പിന്‍റെ അനുമതി ആവശ്യമില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവന പാഴ്‍വാക്കായി. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച മരം മുറിക്കുന്നതിന് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിന്‍റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു. മരം മുറിക്കാന്‍ അനുമതി നിഷേധിച്ച വനം വകുപ്പിന്‍റെ നടപടിയെ തുടര്‍ന്ന് കര്‍ഷകന്‍ ജില്ലാ ഫോറസ്റ്റ്ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു.

കര്‍ഷകരുടെ ഭൂമിയില്‍ ചന്ദനൊഴികെയുള്ള മരം മുറിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇനി കുറ്റ്യാടി ജലസേചന പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്തത്തിന് പകരം സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ താമസിക്കുന്ന കര്‍ഷകരുടെ നീതി നിഷേധിക്കപ്പെടുകയാണ്. ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊമ്മറ്റത്തില്‍ സണ്ണി എന്ന കര്‍ഷകന്റെ വീടിന് മുകളിലേക്ക് ചാഞ്ഞ തേക്ക് മരം മുറിക്കുന്നതിന് അനുമതി നിഷേധിച്ചു കൊണ്ട് പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസര്‍ മാസങ്ങള്‍ക്ക് മുമ്പ് ഉത്തരവ് നല്‍കി. സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയാണിതെന്ന് മനസിലായതായി ഈ ഉത്തരവില്‍ പറയുന്നു. എന്നാല്‍ പട്ടയം ഹാജരാക്കാത്തതിനാല്‍ മരം മുറിക്കാന്‍ അനുമതി നല്കാനാവില്ലെന്നും ഉത്തരവിലുണ്ട്.

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരം മുറിക്കാന്‍ നിയന്ത്രണങ്ങളില്ലെന്ന മന്ത്രിയുടെ പ്രസ്താവനക്ക് വിരുദ്ധമാണ് കാര്യങ്ങളെന്ന് വ്യക്തം. ജലസേചന പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയതിനു പകരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന പെരുവണ്ണാമൂഴിയിലെ 250ലധികം കുടുംബങ്ങളുടേയും സ്ഥിതി ഇതുതന്നെയാണ്.