LiveTV

Live

Kerala

സംഘടനാ ദൗര്‍ബല്യം ആലപ്പുഴയിലെ പരാജയത്തിന് കാരണമായതായി കെ.പി.സി.സി സമിതി

നേതാക്കള്‍ക്കിടയിലെ അനൈക്യവും പരാജയ കാരണമായി വിലയിരുത്തുന്ന സമിതി ഒരു നേതാവിനെയും പേരെടുത്ത് കുറ്റപ്പെടുത്തിന്നില്ല.

സംഘടനാ ദൗര്‍ബല്യം ആലപ്പുഴയിലെ പരാജയത്തിന് കാരണമായതായി കെ.പി.സി.സി സമിതി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ പരാജയ കാരണം സംഘടനാ ദൌര്‍ബല്യമെന്ന് കെ.പി.സി.സി നിയോഗിച്ച സമിതി. ചേര്‍ത്തല, കായംകുളം മണ്ഡലങ്ങളിലെ നാല് ബ്ലോക്ക് കമ്മറ്റികളെ പിരിച്ചുവിടാന്‍ സമിതി കെ.പി.സി.സിയോട് ശിപാര്‍ശ ചെയ്തു.

നേതാക്കള്‍ക്കിടയിലെ അനൈക്യവും പരാജയ കാരണമായി വിലയിരുത്തുന്ന സമിതി ഒരു നേതാവിനെയും പേരെടുത്ത് കുറ്റപ്പെടുത്തിന്നില്ല. സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നാളെ നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ചേര്‍ത്തല കായകുളം മണ്ഡലങ്ങളില്‍ പിന്നോട്ട് പോയതാണ് പരാജയം കാരണമായി കെ.വി തോമസ് അധ്യക്ഷനായ സമിതി വിലയിരുത്തുന്നത്. 166 ലെ 81 ബൂത്തുകളില്‍ 2014ല്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് ഇത്തവണത്തെ 202 ബൂത്തുകളില്‍ 154 ലും പിറകെ പോയി. അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബര‍് നിര്‍മാണം സംബന്ധിച്ച അവിടെയുണ്ടായിരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു.

സംഘടനാ സംവിധനം ദുര്‍ബലമായി ഇവിടെ നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലായിരുന്നു. കായംകുളത്തും സമാനമായിരുന്നു സ്ഥിതി. പകുതിയിലധികം ബൂത്തുകളില്‍ ഭൂരിപക്ഷം നേടിയിടത്ത് നിന്ന് മൂന്നില്‍ രണ്ട് ബൂത്തും നഷ്ടപ്പെടുത്തിയ സ്ഥിതിയായി.

ഡി.സി.സി പ്രസിഡന്‍റ് പരിമിതികള്‍ക്കിടയിലും സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കി. സ്ഥാനാര്‍ഥിയും നല്ല പ്രകടനം കാഴ്ചവെച്ചു. കെ.സി വേണുഗോപാല്‍ തിരക്കുകള്‍ക്കിടിയിലും മണ്ഡലത്തില് സജീവ ശ്രദ്ധ നല്‍കി എന്നിങ്ങനെയാണ് മറ്റു നിരീക്ഷണങ്ങള്‍.

ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൌത്ത് എന്നീ ബ്ലോക്ക് കമ്മറ്റികള്‍ പിരിച്ചുവിടണം, പാര്‍ട്ടി ജംബോ കമ്മറ്റികള്‍ പുനസംഘടിപ്പിക്കണം എന്നിവയാണ് പ്രധാന ശിപാര്‍ശകള്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ കെ.പി.സി.സി നേതൃത്വം നടപടി നാളെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു.

അരൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതെന്നാണ് സൂചന. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത മറ്റു വസ്തുതകള്‍ മുതിര്‍ന്ന നേതാക്കളുമായി സമിതിയംഗങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.