LiveTV

Live

Kerala

ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അയക്കും; ഓർത്തോഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രിം കോടതി 

കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് ചോദിച്ച കോടതി ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും കോടതി പറഞ്ഞു

ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അയക്കും; ഓർത്തോഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രിം കോടതി 

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കക്കേസ് വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സർക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കവെയാണ് കോടതിയുടെ രോഷം പ്രകടിപ്പിച്ചത്.

1934ലെ മലങ്കര സഭാ ഭരണഘടനാ പ്രകാരം പള്ളികൾ ഭരിക്കണം എന്നാണ് സുപ്രിം കോടതി വിധി. ഈ വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് ഇന്ന് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചിരിക്കുന്നത്. വിധിക്ക് ശേഷവും ഇരു സഭകള്‍ക്കിടയിലും സമവായത്തിനായുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. സുപ്രിം കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കേരള സർക്കാർ നിയമത്തിനു മുകളിലാണോയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ആരാഞ്ഞു. വിധി മറികടക്കാനാണ് സർക്കാർ ശ്രമം. ഇനിയുമിത് ക്ഷമിക്കാനാകില്ല. മുൻപ് ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ പറഞ്ഞു മനസിലാക്കണമെന്ന് ബഞ്ച് അഭിഭാഷകനോട് നിർദേശിച്ചു. വിധി ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയാണ് കോടതിയെ സമീപിച്ചത്. സഭാ തർക്കവുമായി ബന്ധപ്പെട്ട് അന്തിമവിധി പറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ ഒരു കോടതിയും സമാനവിഷയം പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.