LiveTV

Live

Kerala

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ വിവേചനത്തിനെതിരെ ഹെെക്കോടതി

ബസിനകത്തും ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും തുടർച്ചയായ പരിശോധനക്ക് പുറമെ, ഇടക്കിടെ മിന്നൽ പരിശോധനകളും നടത്തണം.

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ വിവേചനത്തിനെതിരെ ഹെെക്കോടതി

വിദ്യാർഥികൾ സ്വകാര്യ ബസിൽ കയറുന്നതും, ഒഴിവുള്ള സീറ്റിൽ ഇരിക്കുന്നതും ജീവനക്കാർ തടയുന്നില്ലെന്ന് ഗതാഗത കമീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരും പൊലീസും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് ജീവനക്കാർ വിവേചനത്തോടെ പെരുമാറുന്നത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നിർദേശം.

ഒരു കാരണവശാലും വിദ്യാർഥികൾക്ക് നേരെ വിവേചനപരമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ബസിനകത്തും ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും തുടർച്ചയായ പരിശോധനക്ക് പുറമെ, ഇടക്കിടെ മിന്നൽ പരിശോധനകളും നടത്തണം. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഇത്തരം പരിശോധനകൾ വേണം.

വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളോ അവഹേളനങ്ങളോ അവകാശ നിഷേധമോ ശ്രദ്ധയിൽപ്പെട്ടാൽ ബസ് ജീവനക്കാർക്കും ഉടമക്കുമെതിരെ നിയമപരമായ നടപടിയെടുക്കണം. സുരക്ഷിതവും സുഗമവുമായ പൊതുഗതാഗത സൗകര്യം വിദ്യാർഥികൾക്കടക്കം ഉറപ്പു വരുത്തുകയും ഈ കേസ് നിലവിൽ വന്നതിന് ശേഷം പുറപ്പെടുവിച്ചിട്ടുള്ള കോടതിയുടെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുകയും വേണം. 2017ലെ മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് പൊലീസ്, മോട്ടോൾ വാഹന അധികൃതർ നിർബന്ധമായും നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. മൂന്നാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കാനായി മാറ്റി.