LiveTV

Live

Kerala

സൌദിയില്‍ ജയിലിലായ യുവാവിന്റെ മോചനം തേടി കുടുംബം; അഭിഭാഷകന്‍ കുടുക്കിയതെന്ന് പരാതി

കോഴിക്കോട് കിഴക്കോത്ത് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് നാല് വര്‍ഷമായി ജിദ്ദയിലെ സുമൈശി ജയിലില്‍ കഴിയുന്നത്.

സൌദിയില്‍ ജയിലിലായ യുവാവിന്റെ മോചനം തേടി കുടുംബം; അഭിഭാഷകന്‍ കുടുക്കിയതെന്ന് പരാതി

സൌദി ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമന്ന് ആവശ്യപ്പെട്ട് കുടുംബം. കോഴിക്കോട് കിഴക്കോത്ത് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് നാല് വര്‍ഷമായി ജിദ്ദയിലെ സുമൈശി ജയിലില്‍ കഴിയുന്നത്. കള്ള പരാതി നല്‍കി മലയാളിയായ അഭിഭാഷകന്‍ കുടുക്കിയതാണെന്നാണ് മുഹമ്മദ് അഷ്റഫിന്റെ ബന്ധുക്കള്‍ പറയുന്നത്.

1992 മുതല്‍ സൌദിയില്‍ ജോലി ചെയ്ത് വരുന്ന അഷ്റഫിനെ മലയാളികള്‍ അടക്കമുള്ള സംഘം ആദ്യം ചതിച്ചതായാണ് കുടുംബം പറയുന്നത്. ആറു വര്‍ഷം മുമ്പ് സൌദിയില്‍ ബിസിനസ് തുടങ്ങിയ അഷ്റഫിനെ വരവില്‍ കവിഞ്ഞ സ്വത്തുണ്ടാക്കിയെന്ന ഇവരുടെ പരാതിയിലാണ് ആദ്യം ജയിലിലടക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും മലയാളിയായ അഭിഭാഷകന്‍ വഞ്ചിച്ചതിനെത്തുടര്‍ന്ന് ജയിലിനു പുറത്തിറങ്ങാനായില്ലെന്ന് കുടുംബം പറഞ്ഞു. കേസിന്‍റെ ചെലവായി 38 ലക്ഷം റിയാല്‍ അഷ്റഫ് നല്‍കാനുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ വ്യാജ രേഖ ഉണ്ടാക്കി പരാതി നല്‍കിയതായാണ് ആരോപണം.

ജയില്‍ മോചിതനാക്കാനായി ഇടനിലക്കാരെ വെച്ച് കൂടുതല്‍ പണം അഭിഭാഷകന് ആവശ്യപ്പെട്ടു. അഷ്റഫ് മോചിതനാകാതിരിക്കാന്‍ ചിലര്‍ സ്പോണ്‍സറെ തെറ്റിദ്ധരിപ്പിച്ചതായും ഇവര്‍ ആരോപിക്കുന്നു. മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ത്യന്‍ എംബസിക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.