LiveTV

Live

Kerala

കോടഞ്ചേരിയില്‍ ആദിവാസി മരിച്ചത് ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്

ചെമ്പിലി ആദിവാസി കോളനിയിലെ കൊളുമ്പന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലമാണ് പുറത്ത് വന്നത്.

കോടഞ്ചേരിയില്‍ ആദിവാസി മരിച്ചത് ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് കോടഞ്ചേരിയില്‍ മദ്യം കഴിച്ച് അവശനിലയിലായ ആദിവാസി മരിച്ചതിന് കാരണം ഫ്യൂരിഡാന്‍ ഉള്ളില്‍ ചെന്നാണെന്ന് റിപോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധന റിപോര്‍ട്ടിലാണ് കീടിനാശിനി ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരിക്കുന്നത്. പരിശോധനാഫലമടങ്ങുന്ന റിപോര്‍ട്ട് നാളെ അന്വേഷണ സഘത്തിന് കൈമാറും.

ചെമ്പിലി ആദിവാസി കോളനിയിലെ കൊളുമ്പന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലമാണ് പുറത്ത് വന്നത്. ഇത് പ്രകാരം കൊളുമ്പന്റെ ശരീരത്തിനുള്ള കീടനാശിനി എത്തിയതായി വ്യക്തമാക്കുന്നു. നേരത്തെ കൊളുമ്പനൊപ്പം മദ്യപിച്ചതിനെ തുടര്‍ന്ന് അവശനിലയായി ചികിത്സയില്‍ കഴിയുന്ന ഗോപാലന്റെയും നാരായണന്റെയും രക്തവും ശ്രവവും പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ അതേ ഫ്യൂരിഡാന്റെ സാന്നിദ്യം തന്നെയാണ് കൊളുമ്പനിലും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇവര്‍ കഴിച്ചത് മെഥനോളടങ്ങിയ വ്യാജമദ്യമല്ലെന്നതിന് കൂടുതല്‍ സ്ഥരീകരണമായി.

എന്നാല്‍ മദ്യത്തില്‍ ഫ്യൂരിഡാന്‍ കലര്‍ന്നതെങ്ങനെയെന്ന കാര്യത്തിലെ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നതില്‍ നാരായണന്റെ മൊഴി അന്വേഷണം സംഘം രേഖപ്പെടുത്തിയെങ്കില്‍ ഇക്കാര്യത്തില്‍ കൃത്യതയുണ്ടായിട്ടില്ല. മദ്യം കൊണ്ടുവച്ചതായി ഒരാള്‍ പറഞ്ഞുവെന്ന് നാരായണന്‍ അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും പല കാര്യങ്ങളും ഇയാള്‍ മാറ്റി പറയുകയും ചെയ്യുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. അതു കൊണ്ട് തന്നെ നാരായണന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Also read: കോടഞ്ചേരിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം ഉള്ളില്‍ ചെന്നല്ലെന്ന് നിഗമനം