LiveTV

Live

Kerala

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മുമ്പും കസ്റ്റഡി മര്‍ദനമുണ്ടായതായി വെളിപ്പെടുത്തല്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ മര്‍ദിക്കുന്നതിനിടെ ലോക്കപ്പിന്റെ കമ്പി വളഞ്ഞുവെന്നും പറയുന്നു.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ മുമ്പും കസ്റ്റഡി മര്‍ദനമുണ്ടായതായി വെളിപ്പെടുത്തല്‍

ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നേരത്തെയും കസ്റ്റഡി മര്‍ദനമുണ്ടായതായി വെളിപ്പെടുത്തല്‍. ഇടുക്കി മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് പരാതിയുമായി രംഗത്തെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ മര്‍ദിക്കുന്നതിനിടെ ലോക്കപ്പിന്റെ കമ്പി വളഞ്ഞുവെന്നും പറയുന്നു. ഇതേ ദിവസം ഇടിമുറിയില്‍ വെച്ച് മറ്റൊരാളുടെ അലര്‍ച്ച കേട്ടിരുന്നതായും ഹക്കീം പറയുന്നു.

കഴിഞ്ഞ 14ആം തിയതി കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഹക്കീമിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഹക്കിം പറയുന്നത്.

സ്റ്റേഷന് മുകളിലെ ഇടിമുറിയില്‍ സി.സി.ടി.വി ക്യാമറയുടെ മറവില്‍ വെച്ചാണ് മര്‍ദിച്ചത്. മര്‍ദനത്തിനിടെ ലോക്കപ്പിന്റെ കമ്പി വളഞ്ഞെന്നും ഇത് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വേറെ കേസ് ചുമത്തുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. കമ്പി വളഞ്ഞത് മാറ്റിവെക്കുന്നതിന് ഉമ്മയില്‍ നിന്ന് പണം വാങ്ങുകയും ചെയ്തു.

ഇതേ ദിവസം സ്റ്റേഷനിലെ ഇടിമുറിയില്‍ വെച്ച് മറ്റൊരാളുടെ അലര്‍ച്ച കേട്ടിരുന്നതായും ഹക്കീം പറയുന്നു. ഉമ്മയുടെ മുന്നിലിട്ടാണ് മകനെ മര്‍ദിച്ചതെന്ന് ഹക്കീമിന്റെ ഉമ്മയും പറഞ്ഞു.

റിമാന്റിലായി 14 ദിവസത്തിന് ശേഷം ഇന്നലെയാണ് ഹക്കീം പുറത്തിറങ്ങിയത്. ഇടിമുറിയില്‍ നിന്ന് അലര്‍ച്ച കേട്ടിരുന്നുവെന്ന് പറഞ്ഞ ദിവസങ്ങളില്‍ നേരത്തെ മരിച്ച രാജ്കുമാറും സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് സൂചനകള്‍.