LiveTV

Live

Kerala

ബിഷപ്പ് മനത്തോടത്തിനെ തിരുത്തി സിറോ മലബാര്‍ സഭ 

ആലഞ്ചേരി രാത്രിയില്‍ ചുമതലയേറ്റുവെന്ന വാര്‍ത്ത ശരിയല്ലെന്നും സഭ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. 

ബിഷപ്പ് മനത്തോടത്തിനെ തിരുത്തി സിറോ മലബാര്‍ സഭ 

ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ തിരുത്തി സിറോ മലബാര്‍ സഭ രംഗത്തെത്തി. ഭരണമാറ്റം വത്തിക്കാന്റെയും മാര്‍പ്പാപ്പയുടെ അറിവോടെയാണ്. ആലഞ്ചേരി രാത്രിയില്‍ ചുമതലയേറ്റുവെന്ന വാര്‍ത്ത ശരിയല്ലെന്നും സഭ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം - അങ്കമാലി അതിരൂപതയുടെ പൂര്‍ണ്ണ ചുമതലകളോടെ തിരിച്ചെടുത്തത് ഭൂമി വിവാദം സംബന്ധിച്ച മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തേടത്തിന്റെ റിപ്പോര്ട്ട് പരിഗണിച്ചതിന് ശേഷമാണന്ന് കഴിഞ്ഞ ദിവസം സഭ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ തന്നെ സഭയുടെ വിശദീകരണത്തെ തള്ളി മനത്തേടത്ത് രംഗത്ത് വരികയും തന്റെ റിപ്പോര്‍ട്ടിന്മേലുള്ള നടപടി വരാനിരിക്കുന്നതേ ഉള്ളുവെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജേക്കബ് മനത്തേടത്തിന്റെ വാക്കുകള്‍ വിവാദമായതിന് പിന്നാലെയാണ് സഭ പുതിയ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തു നിന്ന് ആലഞ്ചേരിയെ മാറ്റിനിര്‍ത്തിയിട്ടില്ലന്നും അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല അവസാനിച്ചപ്പോള്‍ ഭരണച്ചുമതല കര്‍ദ്ദിനാളില്‍ വന്നത് സ്വാഭാവികമാണെന്നും വിശദീകരണത്തില്‍ പറയുന്നു. വിവിധ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചും സ്വതന്ത്ര അന്വേഷണത്തിലൊടുവിലുമാണ് ആലഞ്ചേരിയുടെ കാര്യത്തില്‍ മാര്‍പാപ്പ തീരുമാനം എടുത്തത്. തീരുമാനം മനത്തേടത്തിനെയും സഹായ മെത്രാന്മാരെയും വത്തിക്കാന്‍ പ്രതിനിധി മുന്‍കൂട്ടി അറിയിച്ചിരുന്നതായും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

വത്തിക്കാന്റെയും സഭയുടെയും തീരുമാനങ്ങളെ അംഗീകരിക്കാത്തത് അച്ചടക്ക ലംഘമാണന്നും മനത്തേടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് സഭാ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നിലപാടാണിതെന്നും സിറോ മലബാര്‍ സഭ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നു പറയുന്ന മീഡിയ കമ്മീഷന്റെ വിശദീകരണത്തില്‍ ജേക്കബ് മനത്തേടത്തിനും കര്‍ദ്ദിനാള്‍ വിരുദ്ധ പക്ഷത്തിനുമെതിരെ സഭ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകളാണ് നല്കുന്നത്.