LiveTV

Live

Kerala

ബിനോയ് കോടിയേരിക്കെതിരായ  ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയില്‍ വിധി നാളെ

പരാതിക്കാരി സമര്‍പ്പിച്ച വാദങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അവസരം നല്‍കുകയായിരുന്നു

ബിനോയ് കോടിയേരിക്കെതിരായ  ലൈംഗിക പീഡന പരാതി; ജാമ്യാപേക്ഷയില്‍ വിധി നാളെ

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. ജാമ്യാപേക്ഷയിന്‍ മേല്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ ഇരുഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി. പരാതിക്കാരി സമര്‍പ്പിച്ച വിവാഹരേഖ വ്യാജമാണെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ ഡിഎന്‍എ പരിശോധനെ എതിര്‍ത്തു.

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരിയായ ബിഹാര്‍ സ്വദേശി സമര്‍പ്പിച്ച വാദങ്ങളില്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് അവസരം നല്‍കുകയായിരുന്നു ദിന്‍ദോഷി സെഷന്‍സ് കോടതി. യുവതി സമര്‍പ്പിച്ച വിവാഹ രേഖ വ്യാജമാണെന്ന് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത വാദിച്ചു.

ബിനോയിയുടേതെന്ന് യുവതി അവകാശപ്പെടുന്ന കുട്ടിയുടെ ജനനത്തിന് ശേഷമുള്ള തീയതിയിലാണ് നോട്ടറി രേഖപ്രകാരം വിവാഹം നടന്നിരിക്കുന്നത്. രേഖയിലെ ഒപ്പിലും പൊരുത്തക്കേടുണ്ട്. അതിനാല്‍ പ്രസ്തുത രേഖ തെളിവായി സ്വീകരിക്കരുത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഡി.എന്‍.എ പരിശോധന ആവശ്യമില്ല. ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്നത് കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

ഹിന്ദു നിയമപ്രകാരം രണ്ടാം വിവാഹത്തിന് സാധുതയില്ലാത്തതിനാല്‍ ചടങ്ങുകളൊഴിവാക്കി യുവതിയെ വിവാഹം കഴിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നും അശോക് ഗുപ്ത വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. മുന്‍ വിവാഹം മറച്ചുവെച്ചാണ് തന്നെ ബിനോയ് വിവാഹം കഴിച്ചതെന്ന് ഇന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി വിധി പറയാനായി കേസ് നാളേക്ക് മാറ്റുകയായിരുന്നു.