LiveTV

Live

Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

ഗൂഢാലോചന നടന്നത് ഷംസീര്‍ ഉപയോഗിക്കുന്ന സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ വെച്ചാണെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി പൊട്ടി സന്തോഷ് മൊഴി നല്‍കി

 സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

സി.പി.എം വിമതന്‍ സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും.ഗൂഡാലോചന നടന്നത് എം.എല്‍.എയുടെ സഹോദരന്റെ ഉടമസ്ഥതയിലുളള കാറിലെന്ന് മുഖ്യപ്രതി പൊട്ടി സന്തോഷ് മൊഴി നല്‍കി. സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും പ്രതികളെ ഷംസീര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തി.

സി.പി.എം മുന്‍ ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയും എം.എന്‍ ഷംസീറിന്റെ. സന്തത സഹചാരിയുമായ എന്‍.കെ രാഗേഷാണ് നസീറിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു മുഖ്യപ്രതി പൊട്ടി സന്തോഷിന്റെ മൊഴി. തുടര്‍ന്ന് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ ഷംസീറിനെ ബന്ധിപ്പിക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുളള കെ.എല്‍ 7 സി.ഡി 6887 നമ്പര്‍ ഇന്നോവ കാറില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് സന്തോഷിന്റെ മൊഴി. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വെച്ചും കുണ്ടുചിറ ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനടുത്ത് വെച്ചുമായിരുന്നു ഗൂഢാലോചന. ഷംസീര്‍ ഔദ്യഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനം കൂടിയാണിത്. ഇതിനൊപ്പം സംഭവം നടന്ന ദിവസവും തൊട്ടുത്ത ദിവസങ്ങളിലും ഷംസീര്‍ സന്തോഷിനെയും രാഗേഷിനെയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഗൂഢാലോചന നടന്നതായി കണ്ടെത്തിയ വാഹനം അടുത്ത ദിവസം പൊലീസ് പിടിച്ചെടുത്തേക്കും. ഇതിനൊപ്പം മൊഴിയെടുക്കലിന് ഹാജരാകാനാവശ്യപ്പെട്ട് രണ്ട് ദിവസത്തിനുളളില്‍ ഷംസീറിന് നോട്ടീസ് നല്‍കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.