LiveTV

Live

Kerala

തദ്ദേശവകുപ്പിനെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍

വസ്തുതകള്‍ മനസിലാക്കാതെയാണ് സതീശന്റെ ആരോപണമെന്ന് എ.സി മൊയ്തീന്‍ മറുപടി നല്‍കി.

തദ്ദേശവകുപ്പിനെതിരെ അഴിമതി ആരോപണവുമായി വി.ഡി സതീശന്‍

തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം. നഗരവികസനത്തിനായുള്ള കേന്ദ്ര പദ്ധതിയായ അമൃതിലും, രക്തഘടകമായ പ്ലാസ്മ വില്‍പനയിലും അഴിമതി നടത്തിയെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ഇടപാടുകള്‍ സുതാര്യമാണെന്ന് മന്ത്രിമാരും, അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയും മറുപടി നല്‍കി.

അമൃത് പദ്ധതിയില്‍ മലിനജല സംസ്‌കരണത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് മുന്‍ പരിചയമില്ലാത്ത കമ്പനിക്കാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. റാം ബയോളജിക്കല്‍സ് എന്ന കമ്പനിക്ക് പരിശോധനകളില്ലാതെ കരാര്‍ നല്‍കിയത് അഴിമതിയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശമന്ത്രി എ.സി മൊയ്തീനല്ല, മുന്‍ തദ്ദേശമന്ത്രിയുടെ കാലത്താണ് കരാര്‍ ഒപ്പ് വച്ചതെന്നും സതീശന്‍ വ്യക്തമാക്കി

റിലയന്‍സിന് പ്ലാസ്മ വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിലും വന്‍ അഴിമതിയുണ്ടെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. എന്നാല്‍ പ്ലാസ്മ വില്‍ക്കാന്‍ ടെന്‍ഡര്‍ വിളിച്ചത് 2013 ല്‍ യു.സി.എഫ്.സര്‍ക്കാറിന്റെ കാലത്താണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ തിരിച്ചടിച്ചു. അധികം വരുന്ന പ്ലാസ് മ കൈമാറണമെന്നാണ് കേന്ദ്രനിര്‍ദേശമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇരു ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.