LiveTV

Live

Kerala

രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്‍ സമരത്തില്‍ നിന്ന് പിന്മാറുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

 രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

ഇടുക്കി നെടുങ്കണ്ടത്തെ പൊലീസ് കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചയില്‍ തൃപ്തരാണെന്നും കുടുംബം പറഞ്ഞു. അതേസമയം എസ്.പിയെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണെമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ മീഡിയ വണിനോട് പറഞ്ഞു.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഡി.ജി.പി എന്നിവരെ കണ്ട് രാജ്കുമാറിന്റെ കുടുംബം നിവേദനം നല്‍കി. നാല് ആവശ്യങ്ങളാണ് ഇവര്‍ നല്‍കിയ നിവേദനത്തിലുള്ളത്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുക, എസ്.പി ഉള്‍പ്പെടെ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നീ ആവശ്യങ്ങളാണ് കുടുംബം മുന്നോട്ടുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയില്‍ തൃപ്തരാണെന്നും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കുടുംബം വ്യക്തമാക്കി.

എന്നാല്‍, എസ്.പിയെ അന്വേഷണ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി നടപടിയെടുക്കണമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. കട്ടപ്പന ഡി.വൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും കെ.കെ ശിവരാമന്‍ മീഡിയവണിനോട് പറഞ്ഞു. നാളെ ഒരു ദിവസം നടപടിക്കായി കാക്കുമെന്നും ഇല്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും ആക്ഷന്‍ കൗണ്‍സിലും വ്യക്തമാക്കി.