LiveTV

Live

Kerala

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ മീഡിയവണിന്

രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസിന്റെ വാദം.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ മീഡിയവണിന്

രാജ്കുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് ദിവസവും പണം കുമളിയിലെ ഒരു സ്ഥാപനത്തിലേക്ക് കൊണ്ടുപോയിരുന്നതായി ജീവനക്കാരി വെളിപ്പെടുത്തി. ദൃശ്യങ്ങള്‍ സത്യംപറയുമ്പോള്‍ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിന്റെയും നെടുങ്കണ്ടം പൊലീസിന്റെയും വാദങ്ങള്‍ അപ്പാടെ തകരുകയാണ്. കഴിഞ്ഞ മാസം 12ന് വൈകിട്ട് അഞ്ചരമണിയോടെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് രാജ്കുമാറിനെ സ്‌റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങളാണിത്.

ആരോഗ്യവാനായ രാജ്കുമാര്‍ നടന്ന് അകത്തേക്ക് പോകുന്നത് വ്യക്തമാണ്. 15നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നായിരുന്നു പൊലീസിന്റെ മുന്‍ നിലപാട്. അത് പൊളിഞ്ഞു. ജൂണ്‍12ന് നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ പ്രതി രാജ്കുമാറിനെ ഏല്‍പ്പിക്കുമ്പോള്‍ ക്രൂരമര്‍ദ്ദനം നാട്ടുകാരില്‍നിന്ന് ഏറ്റിരുന്നുവെന്നാണ് ഇടുക്കി എസ്.പി പറഞ്ഞിരുന്നത്. ഈ വാദവും ഇക്കാണുന്ന ദൃശ്യങ്ങള്‍ പൊളിച്ചു. ഇതോടെ പൊലീസ് വലിയ പ്രതിരോധത്തിലായി.

അതിനിടെ രാജ്കുമാറിന്റെ പണം ഇടപാട് സ്ഥാപനത്തില്‍ ലഭിക്കുന്ന പണം എല്ലാ ദിവസവും കുമളിയിലെ മറ്റൊരു ധനഇടപാട് സ്ഥാപനത്തില്‍ കൊണ്ടുപോയിരുന്നതായി മുന്‍ ജീവനക്കാര്‍ വെളിപ്പെടുത്തി.

രാജ്കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ പൊലീസിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി. രാജ്കുമാറിന്റെ മരണം സ്ഥിരീകരിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലടക്കം സംഘം തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ എസ്.പിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.