LiveTV

Live

Kerala

നിപ ഭീതിയൊഴിഞ്ഞ് കേരളം; ചികിത്സയിലുള്ള യുവാവ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു 

ആരോഗ്യ നില സംബന്ധിച്ച പുതിയ വിവരങ്ങള്‍ കൈമാറാന്‍ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരാഴ്ചക്കകം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തേക്കും.

നിപ ഭീതിയൊഴിഞ്ഞ് കേരളം; ചികിത്സയിലുള്ള യുവാവ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു 

കേരളത്തെ മുള്‍മുനയിലാക്കിയ നിപ ഭീതി പൂര്‍ണമായി ഒഴിയുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉളള യുവാവ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍. ആരോഗ്യ നില സംബന്ധിച്ച പുതിയ വിവരങ്ങള്‍ കൈമാറാന്‍ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരാഴ്ചക്കകം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തേക്കും.

കടുത്ത പനി ബാധിച്ച് ചികിത്സ തേടിയ പറവൂർ സ്വദേശിയായ യുവാവിന് നിപ ബാധയാണെന്ന് ഇക്കഴിഞ്ഞ ജൂൺ 4 നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ 6 ഓളം പേരെ നിപ സമാനമായ ലക്ഷണങ്ങളോടെ ഐസൊലേഷൻ വാര്‍ഡിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ ഇൻഡക്സ് സാംപിളായ യുവാവിനെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നൽകാനായത് രോഗബാധ തടയുന്നതിന് സഹായകമായി.

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് യുവാവിനെ ആശുപത്രി മുറിയിലേക്ക് മാറ്റി. എന്നാല്‍ സന്ദർശകരെ അനുവദിക്കുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഉളള യുവാവ് സുഖപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി ആശുപത്രി, മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍.കെ കുട്ടപ്പന്‍ പറഞ്ഞു. യുവാവിന്റെ രോഗം പൂർണമായി ഭേദമാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് അനുമതി തേടിയത്.

ഒരാഴ്ചക്ക് ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തേക്കും. സംസ്ഥാനത്ത് നിലവിൽ നിപ ബാധ സംശയിച്ച് ഒരാള്‍ പോലും നിരീക്ഷണത്തിൽ ഇല്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.