LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡിമരണം; ലോക്കപ്പില്‍ വെച്ച് തല്ലാനും കൊല്ലാനും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍  

സംഭവത്തില്‍ നാട്ടുകാരെ പ്രതികളാക്കി കുറ്റക്കാരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് വി.ഡി സതീശന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡിമരണം; ലോക്കപ്പില്‍ വെച്ച് തല്ലാനും കൊല്ലാനും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍  

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. കസ്റ്റഡിയില്‍ മര്‍ദനം നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് കുറ്റസമ്മതമാണെന്ന് പറഞ്ഞ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

പൊലീസിന്റെയും ജയില്‍ അധികൃതരുടെയും വീഴ്ച തുറന്നു സമ്മതിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി. ഇത്രയും നാള്‍ ഒരാള്‍ കസ്റ്റഡിയിലുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ടതാണ് മുഖ്യമന്ത്രി പറഞ്ഞു. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജയിലിലെത്തിയയാളെ പീരുമേട്ടില്‍ നിന്നും കോട്ടയത്തേക്കും തിരികെയും കൊണ്ടുപോയതല്ലാതെ മതിയായ ചികിത്സ നല്‍കിയോ എന്ന് പരിശോധിക്കണം. വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ശ്രീജിത്ത് കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നത് ചുണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഉറപ്പ് പ്രതിപക്ഷം തള്ളി.

തട്ടിപ്പിന് പിന്നില്‍ വമ്പന്മാരുണ്ടെന്നും പൊലീസ് പ്രതിസ്ഥാനത്തുള്ള കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ദുരൂഹമായ മാനകളുണ്ടെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. രാജ്കുമാര്‍ തട്ടിച്ച പണം തട്ടിയെടുക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇപ്പോള്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കാനായി കോണ്‍ഗ്രസ് പുറത്താക്കിയ പഞ്ചായത്ത് മെമ്പറില്‍ നിന്ന് പരാതി വാങ്ങിയിരിക്കുകയാണ്. കൈക്കൂലി വാങ്ങിയ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷം പ്രതിയെ റിമാന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റിനെയും വിമര്‍ശിച്ചു.