LiveTV

Live

Kerala

മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ വിവാദം ചൂട് പിടിക്കുന്നു

സർവ്വകലാശാലക്കായി നിലവിൽ ഏറ്റെടുക്കുന്ന കണ്ടൽ ഭൂമി സംബന്ധിച്ച ഇടപാടിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള അഴിമതി ആരോപണമാണ് ലീഗ് ആവർത്തിക്കുന്നത്. 

 മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ വിവാദം ചൂട് പിടിക്കുന്നു

മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ വിവാദം ആരോപണ പ്രത്യാരോപണങ്ങളിലൂടെ വീണ്ടും ചൂട് പിടിക്കുന്നു. സർവ്വകലാശാലക്കായി നിലവിൽ ഏറ്റെടുക്കുന്ന കണ്ടൽ ഭൂമി സംബന്ധിച്ച ഇടപാടിൽ മന്ത്രി കെ.ടി ജലീലിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള അഴിമതി ആരോപണമാണ് ലീഗ് ആവർത്തിക്കുന്നത്. എന്നാൽ ആതവനാട് വില്ലേജിലെ ഭൂമി ഏറ്റെടുക്കണമെന്ന ലീഗ് താൽപര്യം ഭൂമിക്കച്ചവടതിൽ കണ്ണ് വെച്ചാണെന്ന് ജലീലും തിരിച്ചടിച്ചു.

മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ വൻ അഴിമതി ആരോപിച്ച് സി മമ്മൂട്ടി എം.എൽ.എ നിയമസഭയിൽ രംഗത്തെത്തിയിരുന്നു. 3000 രൂപ മതിപ്പ് വിലയുള്ള ഭൂമി 1.60 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു എന്നാണ് ആരോപണം. ഇതിനു പിന്നിൽ മന്ത്രി കെ.ടി ജലീലിന്റെ താൽപര്യങ്ങൾ ഉണ്ടെന്നാണ് ലീഗ് ആവർത്തിക്കുന്നത്. കണ്ടെത്തിയ സ്ഥലങ്ങളിൽ ആതവനാട് ഭൂമി പരിഗണിക്കാതെ, നിർദ്ദിഷ്ഠ കണ്ടൽ ഭൂമി ഏറ്റെടുക്കുന്നതിൽ അഴിമതിയുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കുന്നു. അതേസമയം ആതവനാട്ടെ ഭൂമിക്കച്ചവടത്തിലായിരുന്നു മുസ്ലിംലീഗിന് താൽപര്യമെന്നും മുൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തതെന്നും ജലീലും ആവർത്തിക്കുന്നു. ഒരു പടി കൂടി കടന്ന് മലയാളം സർവകലാശാല സ്ഥാപിച്ചത് തന്നെ ഭൂമി കച്ചവടത്തിൽ കണ്ണ് വെച്ചാണെന്നും ജലീൽ ആരോപിച്ചു. വിവാദം കൂടുതൽ രൂക്ഷമാകുന്നതിനിടെ ആദ്യം പരിഗണിച്ച ആതവനാട് വില്ലേജിലെ ഭൂമി ഏറ്റെടുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹരജി ചൊവ്വാഴ്ച പരിഗണിക്കും.