LiveTV

Live

Kerala

തൊഴിലാളി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാനാവാതെ പോലീസ്

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇയാളുടെ ഉള്ളില്‍ വിഷം എങ്ങനെയെത്തിയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല

 തൊഴിലാളി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാനാവാതെ പോലീസ്

കോഴിക്കോട് കോടഞ്ചേരി പാലക്കലില്‍ എസ്റ്റേറ്റ് തൊഴിലാളി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കാനാവാതെ പൊലീസ്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇയാളുടെ ഉള്ളില്‍ വിഷം എങ്ങനെയെത്തിയെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല. മരിച്ച കൊളമ്പനൊപ്പം വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ മറ്റു രണ്ടു പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചത്. ഇയാള്‍ക്കൊപ്പം അവശ നിലയില്‍ കണ്ടെത്തിയ നാരായണനും ഗോപാലനും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.ഇവരുടെ മരണത്തിനു കാരണം ഫ്യുരിഡാന്‍ ഉളളില്‍ ചെന്നതു മൂലമാണെന്ന നിഗമനത്തിലാണ് പൊലീസ്. മൂവരുടേയും ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്താത്തതിനാല്‍ വിഷ മദ്യം കഴിച്ചുള്ള അപകടമല്ലെന്ന കാര്യം പൊലീസും എക്സൈസും ഉറപ്പു വരുത്തിയിട്ടുണ്ട്.

എന്നാല്‍ ഇവരുടെ ഉളളില്‍ ഫ്യൂരിഡാന്‍ എങ്ങനെയെത്തി എന്ന കാര്യത്തില്‍ ഇതിനകം വ്യക്തത വരുത്താന്‍ പൊലീസിനായിട്ടില്ല.ആരെങ്കിലും ഇവര്‍ കഴിച്ച മദ്യത്തില്‍ ഫ്യുരിഡാന്‍ കലര്‍ത്തിയതാണോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യത്തിന് വീര്യം കൂടാനായി ഇവര്‍ തന്നെ ഫ്യൂരിഡാന്‍ ഉപയോഗിച്ചതാണോ എന്ന കാര്യവും അന്വേഷണത്തിലാണ്.ചികിത്സയില്‍ കഴിയുന്നവര്‍ സുഖം പ്രാപിച്ചാല്‍ പൊലീസ് ഇവരുടെ മൊഴിയെടുക്കും.ഇതില്‍ നിന്നും ദുരന്ത കാരണം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്.

Also read: കോടഞ്ചേരിയിലെ മരണം: കൊളമ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയെന്ന് എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍

Also read: കോടഞ്ചേരിയില്‍ മദ്യം കഴിച്ചയാള്‍ മരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്