LiveTV

Live

Kerala

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം; സി.ബി.ഐ ശാസ്ത്രീയാന്വേഷണം ആരംഭിച്ചു

മനശാസ്ത്ര വിദഗ്ദരടക്കമുള്ള സംഘം ഇന്ന് ഖാസിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം; സി.ബി.ഐ ശാസ്ത്രീയാന്വേഷണം ആരംഭിച്ചു

കാസര്‍കോട് ചെമ്പരിക്ക - മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൌലവിയുടെ മരണത്തില്‍ സി.ബി.ഐ ശാസ്ത്രീയാന്വേഷണം ആരംഭിച്ചു. മനശാസ്ത്ര വിദഗ്ദരടക്കമുള്ള സംഘം ഇന്ന് ഖാസിയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.എന്നാല്‍ അന്വേഷണ സംഘം മാറാതെ ഖാസിയുടെ മരണത്തെ സംബന്ധിച്ച സത്യം പുറത്ത് വരില്ലെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്.

കാസര്‍കോട് ചെമ്പരിക്കയില്‍ ഖാസിയുടെ വീടിനടുത്തുള്ള കടല്‍ത്തീരത്ത് കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന പാറക്കെട്ടില്‍ നിന്നാണ് അബ്ദുല്ല മൌലവിയുടെ മൃതദേഹം കണ്ടെത്തിയത്. 2010 ഫെബ്രുവരി 15 നായിരുന്നു മരണം. എന്നാല്‍‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മരണം ആത്മഹത്യ ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . സി.ബി.ഐയും ഇതേ നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.എന്നാല്‍ ആത്മഹത്യയെന്ന അന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍ ഖാസിയുടെ കുടുംബം തള്ളി. മരണത്തില്‍ ശാസ്ത്രീയാന്വേഷണം നടത്തണമെന്ന എറണാകുളം സി.ജെ.എം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സി.ബി.ഐ വിശദമായ അന്വേഷണം പുനരാരംഭിച്ചിരിക്കുന്നത്. സൈക്ക്യാട്രി ഓട്ടോപ്സി എന്ന രീതി അവലംബിച്ചാണ് അന്വേഷണം പുനരാരംഭിച്ചിരിക്കുന്നത്.

പുതുച്ചേരി ജിപ്മെർ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം കുടുംബാംഗങ്ങളുടെയും ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. നേരത്തെ കേസന്വേഷിച്ച സിബിഐ സംഘത്തലവന്‍ ഡി.വൈ.എസ്.പി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ശാസ്ത്രീയ അന്വേഷണത്തിനും നേതൃത്വം നല്‍കുന്നത്. ഈ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നാണ് ഖാസിയുടെ ബന്ധുക്കള്‍ പറയുന്നത്. ചെമ്പരിക്ക ഖാസിയുടെ മൃതദേഗഹം കണ്ടെത്തിയ സ്ഥലവും അന്വേഷണ സംഘം സന്ദര്‍ശിച്ചു. മനശാസ്ത്ര വിദഗ്ദരുടെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും സി.ബി.ഐ സംഘത്തിന്റെ തുടരന്വേഷണം.