LiveTV

Live

Kerala

അമൃത് പദ്ധതി കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നൽകിയതിനെതിരെ യുവജനസംഘടനകള്‍

അമൃത് പദ്ധതി കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നൽകിയതിനെതിരെ യുവജനസംഘടനകള്‍

അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ യുവജനസംഘടനകള്‍. മുന്‍പരിചയമില്ലാത്ത റാം ബയോളജിക്കല്‍സിനാണ് കോഴിക്കോട് നഗരസഭയിലേതുള്‍പ്പെടെ അമൃതിന്‍റെ ഭാഗമായുള്ള പദ്ധതികളുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയത്. വാട്ടര്‍ അതോറിറ്റി, ഇന്‍കെല്‍ തുടങ്ങിയ സ്ഥാപനങ്ങളെ മാറ്റി നിര്‍ത്തി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നാണ് ചൂണ്ടികാട്ടുന്നത്.

കേന്ദ്രപദ്ധതിയായ അമൃതില്‍ ഏഴ് നഗരങ്ങളിലുള്‍പ്പെടെ 27 പദ്ധതികളില്‍ 23 നും ഡി.പി.ആര്‍ തയ്യാറാക്കാന്‍ റാം ബയോളജിക്കല്‍സ് എന്ന തെരഞ്ഞെടുത്തത്. രണ്ട് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. രണ്ടിലധികം പേര്‍ ടെന്‍ഡറില്‍ പങ്കെടുത്തില്ലെങ്കില്‍ റീ ടെന്‍ഡര്‍ നടത്തണമെന്ന ചട്ടവും തള്ളിയായിരുന്നു കരാര്‍. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ മുന്‍സിപാലിറ്റിയിലോ പദ്ധതികള്‍ നടത്തി പരിചയമുള്ള കമ്പനിക്ക് മാത്രമേ കമ്പനിക്ക് മാത്രമേ കണ്‍സല്‍ട്ടന്‍സി നല്‍കാവൂ എന്ന നിബന്ധനയും കേരളത്തില്‍ ലംഘിച്ചു. ഡി.പി.ആര്‍ തയ്യാറാക്കിയതിലൂടെ കമ്പനി കോടികള്‍ കരസ്ഥമാക്കുകയും ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്ന് മാത്രം 56 ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി കൈപറ്റി. മന്ത്രിക്കുള്‍പ്പെടെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷ യുവജനസംഘടനകളുടെ ആരോപണം.

ഇതിന് പുറമെ കണ്‍സല്‍ട്ടന്‍സി ഏജന്‍സി തയ്യാറാക്കിയത് ഇലക്ട്രോ കൊയാഗുലേഷന്‍ ടെക്നോളജി ഉപയോഗിച്ചുള്ള പദ്ധതി രേഖയാണ്. രാജ്യത്തെവിടെയും പ്രചാരത്തിലില്ലാത്തതാണ് ഈ സാങ്കേതിക വിദ്യയെന്നും ആരോപണമുണ്ട്. കേരളത്തിലെ അമൃത് പദ്ധതി മുഴുവനായും നിര്‍ത്തിവെച്ച് അഴിമതിയെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ അമൃത് പദ്ധതിയുടെ കാലാവധി 2020ല്‍ അവസാനിക്കും.