രാജ്കുമാറിന് ഗുരുതര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മരണകാരണം ന്യൂമോണിയയെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

ഇടുക്കി നെടുങ്കണ്ടത്ത് മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന് ക്രൂര മര്‍ദ്ദനം ഏറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളിലെ മുറിവിനെ തുടര്‍ന്ന് ഉണ്ടായ അണുബാധയാണ് മരണ കാരണം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
പൊലീസ് കസ്റ്റഡിയില്‍ മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന് ക്രൂര മര്‍ദ്ദനം ഏറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ ആകെ ചെറുതും വലുതുമായ 22 മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. രാജ്കുമാറിന്റെ അരയ്ക്ക് താഴെയും തുടകളിലും, കാല്‍വെള്ളയിലും ഏഴോളം വലിയ ചതവുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയില്ലാത്ത തടി കഷ്ണം പോലുള്ള ആയുധം കൊണ്ട് മര്‍ദ്ദനമേറ്റ ചതവുകളാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വൃക്കകള്‍ക്ക് നീരും മൂത്രാശയത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതായത് മരണത്തിന് മുമ്പ് രാജ്കുമാര് വെള്ളം കുടിച്ചിരുന്നില്ല എന്നത് വ്യക്തമായി. ആന്തരികമായി ഉണ്ടായ ചതവില്‍ നീര് ബാധിച്ച് അത് ന്യൂമോണിയയിലേക്ക് നയിച്ചു. ഇതാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പൊലീസിന്റെ വാദങ്ങള്‍ വീണ്ടും തകരുകയാണ്. ഈ മാസം 12ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തുന്ന 16വരെ പൊലീസ് എവിടെ സൂക്ഷിച്ചുവെന്നതാണ് ഇനി പുറത്തുവരേണ്ടത്.