LiveTV

Live

Kerala

മെഡിക്കല്‍‌ ഫീസ് വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കി മാനേജ്മെന്റുകള്‍  

സർക്കാരുമായി നാളെ നടക്കുന്ന ചർച്ചയിൽ ഇക്കാര്യം ഇവർ ഉന്നയിക്കും.

മെഡിക്കല്‍‌ ഫീസ് വര്‍ധിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാക്കി മാനേജ്മെന്റുകള്‍  

സംസ്ഥാനത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് ഫീസ് വർധിപ്പിക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ നീക്കം. സർക്കാരുമായി നാളെ നടക്കുന്ന ചർച്ചയിൽ ഇക്കാര്യം ഇവർ ഉന്നയിക്കും. അന്തിമ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികൾ ആരംഭിക്കില്ലെന്നാണ് സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ നിലപാട്.

ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന തുക വാങ്ങണമെന്ന സർക്കാരിന്റെ നിലപാടിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി ചർച്ച നടത്തുന്നത്. ചർച്ചയിൽ ഫീസ് വർധിപ്പിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. സർക്കാർ പറയുന്നതു പോലെ പ്രവേശനം നടത്തിയാൽ പിന്നീട് നിശ്ചയിക്കുന്ന ഫീസ് വാങ്ങിയെടുക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. നിലവിൽ ഡീംഡ് സർവകലാശാലകൾ വാങ്ങുന്ന ഫീസ് വാങ്ങാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് മാനേജ്മെന്റുകളുടെ വാദം.

സർക്കാരുമായുള്ള ചർച്ച നടക്കുമെങ്കിലും സമാന്തരമായി കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ നീക്കം. എന്നാൽ മാനേജ്മെന്റുകളുമായുള്ള ചർച്ചയിൽ ഫീസ് സംബന്ധിച്ച് ധാരണയിലെത്താനാണ് സർക്കാർ ശ്രമം. അഞ്ചര മുതൽ ആറര ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ ഫീസ്. ഫീസിനിയും വർധിപ്പിക്കേണ്ടി വന്നാൽ സർക്കാരിന് വലിയ വിമർശനം നേരിടേണ്ടി വരും.