LiveTV

Live

Kerala

എം.ബി.ബി.എസ് പ്രവേശനം; മേല്‍നോട്ടത്തിനും ഫീസ് നിര്‍ണയത്തിനും സമിതിയായി

ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള വിജ്ഞാപനവും ഇറങ്ങിയതോടെ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഫീസ് നിര്‍ണയമാണ് ഇനി ബാക്കിയുള്ളത്.

എം.ബി.ബി.എസ് പ്രവേശനം; മേല്‍നോട്ടത്തിനും ഫീസ് നിര്‍ണയത്തിനും സമിതിയായി

സംസ്ഥാനത്തെ എം.ബി.ബി.എസ് പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിയന്ത്രണത്തിനും സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബുവിനെ ഇരു സമിതികളുടേയും അധ്യക്ഷനാക്കി ഉത്തരവായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള വിജ്ഞാപനവും ഇറങ്ങിയതോടെ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഫീസ് നിര്‍ണയമാണ് ഇനി ബാക്കിയുള്ളത്.

സംസ്ഥാന സര്‍ക്കാറിന്റെ സ്വാശ്രയ മെഡിക്കല്‍ ബില്‍ നിയമമായതോടെയാണ് പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിയന്ത്രണത്തിനും സമിതി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നി/മത്തിന്റെ ചുവടുപിടിച്ച് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ മെമ്പര്‍ സെക്രട്ടറിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എസ്. സുരേഷ്ബാബുവിനെ അംഗമായതുമാണ് ഫീസ് നിയന്ത്രണ സമിതി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷണര്‍ എന്നിവര്‍ ക്ഷണിതാക്കളുമാണ് പ്രവേശന മേല്‍നോട്ടസമിതി. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ സമിതി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ഫീസ് നിശ്ചയിക്കും.

പ്രവേശന നടപടികള്‍ തടസ്സപ്പെടാതിരിക്കാനായി കോഴ്‌സില്‍ ചേരുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷനുള്ള ഉത്തരവും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തിറക്കി. ഇതോടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശന നടപടികള്‍ക്ക് തുടക്കമായി. അടുത്തമാസം മൂന്നിന് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചക്ക് ശേഷമാകും ഫീസ് നിശ്ചയിക്കുകയെന്നാണ് സൂചന.