LiveTV

Live

Kerala

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് അറുനൂറോളം സര്‍വീസുകളെ ബാധിച്ചു

കോടതി ഉത്തരവ് നടപ്പാക്കിയതോടെ 2017 എംപാനൽ ഡ്രൈവർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്.

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് അറുനൂറോളം സര്‍വീസുകളെ ബാധിച്ചു

എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ താല്‍കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംസ്ഥാനത്താകെ അറുനൂറോളം സര്‍വീസുകളെയാണ് ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍ ബാധിച്ചത്. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാകും.

കോടതി ഉത്തരവ് നടപ്പാക്കിയതോടെ 2017 എംപാനൽ ഡ്രൈവർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. തെക്കൻ മേഖലയിലാണ് കൂടുതൽ പേരെ പിരിച്ചുവിട്ടത്. 1479 പേർ. മധ്യമേഖലയിൽ 257ഉം വടക്കൻ മേഖലയിൽ 371 പേരെയും പിരിച്ചുവിട്ടു. താത്കാലിക ഡ്രൈവര്‍മാരുടെ കുറവ് മിക്കയിടത്തും സര്‍വീസുകളെ ബാധിച്ചു. തെക്കന്‍ മേഖലയില്‍ മാത്രം 523 സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്. മധ്യകേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. 36 സര്‍വ്വീസുകളെ ബാധിച്ചു. വടക്കന്‍ മേഖലയില്‍ 47 സര്‍വീസുകള്‍ മുടങ്ങിയത്. ആകെ സംസ്ഥാനത്ത് ഉടനീളം 606 സര്‍വ്വീസുകളെ നടപടി ബാധിച്ചു.

എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കാന്‍ സുപ്രീംകോടതി ജൂണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. കണ്ടക്ടര്‍മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ആലോചന.