LiveTV

Live

Kerala

സ്വാശ്രയ മെഡിക്കൽ ബിൽ നിയമമായി; ബില്ലിൽ ഗവർണർ ഒപ്പു വെച്ചു  

സ്വാശ്രയ മെഡിക്കൽ ബിൽ നിയമമായി; ബില്ലിൽ ഗവർണർ ഒപ്പു വെച്ചു  

സംസ്ഥാന സർക്കാറിന്റെ സ്വാശ്രയ മെഡിക്കല്‍ ബിൽ നിയമമായി. പതിനെട്ടിന് നിയമസഭ പാസാക്കിയ ബില്ലിൽ ഇന്നലെ ഗവർണർ ഒപ്പ് വെച്ചു. ഇതോടെ സർക്കാറിന് ഈ വർഷത്തെ പ്രവേശന നടപടികൾ തുടങ്ങാനാവും.

എം.ബി.ബി.എസ് പ്രവേശനത്തിന് കാലതാമസമുണ്ടാകാതിരിക്കാൻ ബിൽ നിയമമാക്കാൻ റെക്കോർഡ് വേഗതയിലാണ് സർക്കാർ നടപടികൾ നീങ്ങിയത്. നിയമസഭ പാസാക്കിയ ബിൽ പത്തു ദിവസം കൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമമായി. പ്രവേശന മേൽനോട്ടത്തിനും ഫീസ് നിർണയത്തിനും രണ്ട് സമിതികളാണ് നിയമം അനുശാസിക്കുന്നത്. ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചായും പ്രവേശന മേല്‍നോട്ട സമിതിയുടെ അംഗബലം ആറായും നിജപ്പെടുത്തി. രണ്ട് കമ്മിറ്റിയുടേയും ചെയർമാൻ ഒരേ റിട്ടയേർഡ് ജഡ്ജ് ആയിരിക്കും. സമിതിയംഗങ്ങളെ നിശ്ചയിച്ച് ഉടൻ സർക്കാർ വിജ്ഞാപനമിറക്കും. തുടർന്ന് ഫീസ് നിർണയത്തിലേക്ക് കടക്കാം. കഴിഞ്ഞ വർഷത്തെ ഫീസും ഇതോടൊപ്പം നിശ്ചയിക്കാനാണ് മേൽനോട്ട സമിതിയുടെ തീരുമാനം. ഫീസ് നിശ്ചയിക്കാത്തതിനാൽ സ്വാശ്രയ മാനേജ്മെന്റുകൾ പ്രവേശന നടപടികൾ തുടങ്ങിയിരുന്നില്ല. വിജ്ഞാപനമിറങ്ങുന്നതോടെ പ്രവേശന നടപടികൾ തുടങ്ങാനാവും.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ കുറക്കാൻ സർക്കാർ തീരുമാനിച്ചത്.