പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ
തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസ് രാജ്കുമാറിനെ മര്‍ദിച്ചിരുന്നുവെന്നും കസ്തൂരി പറഞ്ഞു

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി അമ്മയും അയല്‍വാസിയും. രാജ് കുമാറിനെ തെളിവിനായി വീട്ടിലെത്തിച്ചപ്പോള്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് അമ്മ കസ്തൂരി പറഞ്ഞു. പൊലീസ് പ്രതിക്കൂടിലായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ ആരോഗ്യനില മോശമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
നെടുങ്കണ്ടം പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 12ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാഗമണ്‍ കോലഹലമേട്ടിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. തട്ടിച്ച പണം എവിടെ വെച്ചുവെന്ന് ചോദിച്ച് രാജ് കുമാറിനെ വീടിനടുത്തിട്ട് തടി കഷ്ണം പോലുള്ള വസ്തുകൊണ്ട് മര്‍ദിച്ചു. മൃതദേഹം വീട്ടിലവെത്തിച്ചപ്പോള് പല്ല് പൊട്ടിയിരുന്നുവെന്നും അമ്മ കസ്തൂരി പറഞ്ഞു. പൊലീസ് മര്‍ദനത്തില്‍ രാജ്കുമാര് അലറിക്കരഞ്ഞുവെന്നും ജീപ്പിനുള്ളിലേക്ക് മര്‍ദ്ദിച്ച് കയറ്റിയെന്നും ദൃക്സാക്ഷിയും അയല്‍വാസിയുമായ രാജേന്ദ്രന് പറഞ്ഞു.
കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അറിയാതെ ഒരു പ്രതിയെ ഇത്രയും ദിവസം പൊലീസിനെ കസ്റ്റഡിയില്‍ വയ്ക്കാനാകില്ല. 12ന് കസ്റ്റഡിയില്‍ എടുത്തുവെന്നും രാജ്കുമാര് അവശനായിരുന്നുവെന്നും സ്പെഷല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് രാജ്കുമാറിന്റെ അറസ്റ്റ് 16ന് രേഖപ്പെടുത്തിയത്.റിപ്പോര്‍ട്ട് ഗൌനിക്കാതിരുന്ന എസ്.പിയുടെ നടപടിയില്‍ പ്രതിഷേധമുയരുകയാണ്.