LiveTV

Live

Kerala

രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള 22ഓളം മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ 

ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതായി സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള 22ഓളം മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കുന്നതിനായി രാജ്കുമാറിനെ പരിശോധിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും മൊഴികള്‍ രേഖപ്പെടുത്തും. രാജ്കുമാറിന് മര്‍ദ്ദനമേറ്റുവെന്ന സ്ഥിരീകരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്.

അതേസമയം, വിവാദമായ നെടുംകണ്ടം പൊലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ നെടുംകണ്ടം പോലീസ് സ്‌റ്റേഷനിലെ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

നാട്ടുകാര്‍ക്ക് എതിരായി പീരുമേട് പോലീസ് എടുത്ത കേസിന്‍മേലുള്ള കട്ടപ്പന ഡി.വൈ.എസ്.പിയുടെ അന്വേഷണവും ആരംഭിച്ചു. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാട്ടുകാരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്.