LiveTV

Live

Kerala

ആലഞ്ചേരിയെ തിരിച്ചെടുത്ത വത്തിക്കാൻ നടപടിയിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു

വിമത പ്രവർത്തനങ്ങളിൽ വൈദികർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ അനുകൂല സംഘടന ഇന്ത്യൻ കാത്തലിക് ഫോറം രംഗത്ത് വന്നു 

ആലഞ്ചേരിയെ തിരിച്ചെടുത്ത വത്തിക്കാൻ നടപടിയിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലകളിലേക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ തിരിച്ചെടുത്ത വത്തിക്കാൻ നടപടിയിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു. വിമത പ്രവർത്തനങ്ങളിൽ വൈദികർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ അനുകൂല സംഘടന ഇന്ത്യൻ കാത്തലിക് ഫോറം രംഗത്ത് വന്നു. വിമത യോഗം ചേർന്നവർക്കെതിരെ സഭ നടപടിയെടുക്കണമെന്നും കാത്തലിക് ഫോറം ആവശ്യപ്പെട്ടു.

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ വിശ്വാസത്തിലെടുത്ത് വത്തിക്കാൻ ഉത്തരവിറക്കിയതിന് പിന്നാലെ ഒരു വിഭാഗം വൈദികർ യോഗം ചേർന്നതോടെയാണ് സീറോ മലബാർ സഭയിലെ തർക്കങ്ങൾ വീണ്ടും മൂർച്ഛിക്കുന്നത്. 60 ലധികം വൈദികർ ഇന്നലെ വിമതയോഗം ചേർന്ന് വത്തിക്കാൻ നടപടികളിൽ പ്രതിഷേധം അറിയിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അലഞ്ചേരിയുമായി സഹകരിക്കാനാവില്ലെന്ന് ഇവർ നിലപാട് കടുപ്പിച്ചതോടെയാണ് വിമതരെ തള്ളി കർദിനാൾ അനുകൂല സംഘടനയായ കാത്തലിക് ഫോറം രംഗത്ത് വന്നത്.

വിവാദ പ്രസ്താവനകൾ വിശ്വാസികളെയും സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കാനുള്ളതാണെന്നും വിമതരുടെ നീക്കങ്ങൾ അതിരു കടന്നതായും കാത്തലിക് ഫോറം ആരോപിക്കുന്നു. മാർപ്പാപ്പയുടെ തീരുമാനം തള്ളി കളയുന്നത് അപലപനീയമാണന്നും വിമത നീക്കങ്ങളിൽ നിന്നു പിന്തിരിയാത്ത പക്ഷം ഇവർക്കെതിരെ നടപടിയെടുക്കണമെന്നും കാത്തലിക് ഫോറം ആവശ്യപ്പെട്ടു.

അതേസമയം ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന വൈദികർക്ക് പിന്തുണയറിച്ച് എ.എം.ടി അടക്കമുള്ള സംഘടനകളും ഒരു വിഭാഗം വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്. കർദിനാളിനെതിരായ പ്രതിഷേധം തുടരുന്നതിനൊപ്പം ഉത്തരവടക്കമുള്ള കാര്യങ്ങളിൽ പുനരാലോചന നടത്തണമെന്നാവശ്യപ്പെട്ട് സഭാ നേതൃത്വത്തെയും വത്തിക്കാനെയും വീണ്ടും സമീപിക്കാനാണ് ഇവരുടെ തീരുമാനം.