LiveTV

Live

Kerala

പരപ്പ മുണ്ടത്തടത്തെ ക്വാറിക്കെതിരായ സമരം ബാഹ്യ പ്രേരണയിലാണെന്ന് ക്വാറി ഉടമ  

 പരപ്പ മുണ്ടത്തടത്തെ ക്വാറിക്കെതിരായ സമരം ബാഹ്യ പ്രേരണയിലാണെന്ന് ക്വാറി ഉടമ  

കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ ക്വാറിക്കെതിരായ സമരം ബാഹ്യ പ്രേരണയിലാണെന്ന് ക്വാറി ഉടമ. ക്വാറി പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമാണ്. ആറ് വര്‍ഷം മുമ്പ് ആരംഭിച്ച ക്വാറിക്കെതിരെ ഇപ്പോള്‍ സമരം ചെയ്യുന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നാണ് ഉടമ സി. നാരായണന്റെ ആരോപണം.

വലിയ പ്രതിഷേധമാണ് പരപ്പ മുണ്ടത്തടത്തെ ക്വാറിക്കെതിരെ ഉയര്‍ന്ന് വന്നത്. പ്രദേശവാസികളുടെ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന്, നിരവധി ആളുകള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. പിന്നീട് കലക്ടര്‍ ഇടപെട്ട് ക്വാറിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. ക്വാറി പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയെങ്കിലും ക്വാറിക്കെതിരെ പ്രദേശവാസികളുടെ സമരം തുടരുകയാണ്. ഈ ഘട്ടത്തിലാണ് ക്വാറി ഉടമ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നും നിയമം അനുശാസിക്കുന്ന രീതിയിലാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്നും ഉടമ പറയുന്നു.

ക്രഷര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൊടി പടലങ്ങള്‍ പ്രശ്നമാകുന്നു എന്ന് പറയുന്നത് വ്യാജവാദമാണെന്നും, പ്രദേശത്ത് ക്വാറിയുടെ പ്രവര്‍ത്തനം വഴി പാരിസ്ഥിതിക ആഘാതമൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ക്വാറി ഉടമയുടെ വിശദീകരണം.

ക്വാറിയോട് ചേര്‍ന്നുള്ള ക്രഷര്‍ യൂണിറ്റിനായി രണ്ട് ബാങ്കുകളില്‍ നിന്നായി എട്ട് കോടിയിലധികം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ക്വാറിയും അനുബന്ധമായി തുടങ്ങാനിരിക്കുന്ന ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ കടക്കെണിയിലാകുമെന്നുമാണ് ക്വാറി ഉടമ പറയുന്നു. എല്ലാ അനുമതി പത്രങ്ങളുമുണ്ടായിട്ടും ക്വാറിക്കെതിരെ അനാവശ്യ സമരം തുടരുകയാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ക്വാറി ഉടമ പറഞ്ഞു.