LiveTV

Live

Kerala

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു

തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങി വരികയായിരുന്നു ബിജു 

 തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തു

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് 1400 ഗ്രാം സ്വർണ്ണം കവർന്നു. തമിഴ്നാട്ടിലെ കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് കവര്‍ച്ചക്കിരയായത്. മോഷ്ടാക്കൾ സഞ്ചരിച്ച കാറും ബിജുവിന്റെ ബാഗിലുണ്ടായിരുന്ന മൊബൈൽ ഫോണും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

പുലർച്ചെ 4.15 ന് മണക്കാട് ശ്രീവരാഹം ജംഗ്ഷനു സമീപമാണ് സംഭവം. ബിജുവിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി മുന്‍ഭാഗത്തെ ചില്ല് അടിച്ച് തകർത്ത് അക്രമികള്‍ സ്വർണവുമായി കടന്നു. ബിജുവിനും നിസ്സാര പരിക്കേറ്റു. പുലര്‍ച്ചെ തൃശൂരില്‍ നിന്ന് സ്വര്‍ണവുമായി ഗുരുവായൂർ എക്സ്പ്രസിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിജു. കാറില്‍ പിന്തുടര്‍ന്ന സംഘം മുളക് പൊടി വിതറിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടു.

അക്രമി സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായും ഒരാൾ മുഖംമൂടി ധരിച്ചിരുന്നതായും ബിജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച കോട്ടയം രജിസ്ട്രേഷൻ ഐ-ടെൺ കാറും സ്വർണം സൂക്ഷിച്ച ബാഗിലുണ്ടായിരുന്ന ബിജുവിന്റെ മൊബൈൽ ഫോണും കേന്ദ്രീകരിച്ചാണ് ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.