LiveTV

Live

Kerala

സിറോ മലബാര്‍ സഭയിലെ സഹായമെത്രാന്മാര്‍ക്കെതിരായ നടപടി വൈദിക സമിതി തള്ളി

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോര്‍ജ് ആലഞ്ചേരി രാത്രിയില്‍ സ്ഥാനമേറ്റത് അപഹാസ്യമാണെന്നും വൈദിക സമിതി പ്രതികരിച്ചു.

സിറോ മലബാര്‍ സഭയിലെ സഹായമെത്രാന്മാര്‍ക്കെതിരായ നടപടി വൈദിക സമിതി തള്ളി

എറണാകുളം അങ്കമാലി അതിരൂപതയിലെ വത്തിക്കാന്‍ നടപടികള്‍ക്കെതിരെ സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ചുമതലകള്‍ തിരിച്ച് നല്‍കിയത് അപഹാസ്യമാണന്നും കര്‍ദിനാളുമായി സഹകരിച്ച് പോവാനാവില്ലെന്നും വൈദികര്‍ പ്രമേയം പാസാക്കി. അതേസമയം വൈദിക സമിതിയില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ പക്ഷം വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് പുറത്ത് വിട്ടു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പൂര്‍ണ ചുമതലകളോടെ തലസ്ഥാനത്തക്ക് നിയമിച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം വൈദികരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നത്. 60ലധികം വൈദികര്‍ പങ്കെടുത്ത ആലുവയിലെ യോഗത്തില്‍ വത്തിക്കാന്‍ ഉത്തരവിനെതിരെയും സഭാ നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

അതിരൂപതാ ആസ്ഥാനത്തെത്തി രാത്രി തന്നെ കര്‍ദിനാള്‍ സ്ഥാനം ഏറ്റെടുത്ത നടപടി അപഹാസ്യമാണെന്നും ആരോപണ വിധേയനൊപ്പം സഹകരിച്ചു പോകാനാവില്ലെന്നും സമതി വിലയിരുത്തി. സഹായ മെത്രാന്‍മാരെ മാറ്റിയത് പ്രതികാര നടപടിയാണ്. ഇതിന്റെ കാരണം വിശദീകരിക്കണമെന്നും വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭൂമിവിവാദം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടും അതില്‍ നടപടിയെടുത്തു കൊണ്ടുള്ള ഉത്തരവും പുറത്ത് വിടണമെന്ന വൈദികരുടെ ആവശ്യത്തിന് പിന്നാലെ കര്‍ദിനാള്‍ അനുകൂലപക്ഷം വത്തിക്കാന്‍ ഉത്തരവ് പുറത്ത് വിട്ടു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഒപ്പിട്ട പ്രമേയം സഭാ നേതൃത്വത്തിന് നല്‍കി ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് വൈദിക സമിതിയുടെ തീരുമാനം.