LiveTV

Live

Kerala

പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ഭൂവുടമയുടെ കത്ത് 

പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദമാണ് കത്തിന് പിന്നിലെന്നാണ് സുഗതന്റെ കുടുംബത്തിന്റെ ആരോപണം.

പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് ഭൂവുടമയുടെ കത്ത് 

കൊല്ലം പുനലൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് ഭൂവുടമയുടെ കത്ത്. സുഗതന് വര്‍ക് ഷോപ്പ് ആരംഭിക്കാന്‍ സ്ഥലം പാട്ടത്തിന് നല്‍കിയ കുര്യന്റെ മകനായ ഷിബു കുര്യനാണ് പ‍ഞ്ചായത്തിന് പരാതി നല്‍കിയിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദമാണ് കത്തിന് പിന്നിലെന്നാണ് സുഗതന്റെ കുടുംബത്തിന്റെ ആരോപണം.

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സുഗതന്റെ വർക്ക്ഷോപ്പിന് ലൈസൻസ് നൽകാത്ത പഞ്ചായത്തിന്റെ നടപടി വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് വസ്തു ഉടമയുടെ പുതിയ നീക്കം. സ്ഥലത്തിന്റെ പേരിൽ വർക് ഷോപ്പിന് ലൈസൻസ് നൽകരുതെന്നാണ് ഭൂവുടമകളിലൊരാളായ ഷിബു കുര്യൻ പഞ്ചായത്തിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പിതാവും സഹോദരനും തന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് വസ്തു പാട്ടത്തിന് നൽകിയതെന്നും ,അച്ഛന്റെ മരണശേഷം തനിക്ക് വസ്തുവിൽ അവകാശമുണ്ടെന്നും ഷിബു കുര്യന്‍ കത്തിൽ പറയുന്നു. ലൈസൻസിന് പുറമേ വസ്തുവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വർക് ഷോപ്പിന് വസ്തു നൽകിയതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് വസ്തു ഉടമ നേരത്തെ പറ‍ഞ്ഞിരുന്നുവെന്ന് സുഗതന്റെ മക്കളും വ്യക്തമാക്കുന്നു. മൂന്നു വർഷത്തേക്ക് കരാറെഴുതിയ വസ്തു എത്രയും വേഗം ഒഴിഞ്ഞു നൽകണമെന്ന് വസ്തു ഉടമയുടെ മകന്‍ ആവശ്യപ്പെട്ടുവെന്നും സുഗതന്റെ കുടുംബം വ്യക്തമാക്കി.