LiveTV

Live

Kerala

ശരിഅത്ത്; വിവാദ ചട്ടങ്ങള്‍ക്ക് ഭേദഗതി

നിയമസഭ സമിതിയുടെ ഭേദഗതി നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സഭയില്‍വെച്ചു.

ശരിഅത്ത്; വിവാദ ചട്ടങ്ങള്‍ക്ക് ഭേദഗതി

ശരിഅത്ത് ചട്ടത്തിലെ വിവാദ വ്യവസ്ഥക്ക് ഭേദഗതിയായി. ശരിഅത്ത് പിന്തുടരുന്നതിന് എല്ലാ മുസ്ലിംകളും സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥമാറ്റാനാണ് നിര്‍ദേശമായത്. സബോര്‍ഡിനേറ്റ് ലജിസ്ലേറ്റീവ് കമ്മറ്റി നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശരീഅത്ത് പിന്തുടരാത്ത മുസ്‌ലിംകള്‍ മാത്രം സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നാണ് ഭേദഗതി.

1937 ലെ ശരിഅത്ത് ആപ്ലിക്കേഷന്‍ ആക്ടിന് സംസ്ഥാനത്ത് ചട്ടം രൂപീകരിച്ചപ്പോഴാണ് ആശയക്കുഴപ്പത്തിനിടയായ വ്യവസ്ഥ ഉള്‍പ്പെട്ടത്. മുസ്‌ലിം വ്യക്തി നിയമം പിന്തുടരുന്നതിന് എല്ലാ മുസ്‌ലിംകളും സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു ചട്ടത്തിലെ മൂന്നാം വകുപ്പ്.

ശരിഅത്ത് നിയമത്തിന് പകരമായി മറ്റു രീതികള്‍ പിന്തുടരുന്ന ബോറകള്‍, കച്ചിമേമന്‍ തുടങ്ങി മുസ്്‌ലിം വിഭാഗങ്ങളെ ഉദ്ദേശിച്ചായിരുന്നു ഈ വ്യവസ്ഥ. എന്നാല്‍ ഓള്‍ മുസ്‌ലിംസ് എന്ന പ്രയോഗം വന്നതോടെ സംസ്ഥാനത്തെ എല്ലാ മുസ്‌ലിംകളും ശരിഅത്ത് പിന്തുടരാന്‍ സത്യവാങ്മൂലം നല്‍കണമെന്ന് അവസ്ഥ വന്നു. മുസ്ലിം സംഘടനകള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നു.

ചട്ടത്തില്‍ അത്തരമൊരുകാര്യം ഉദ്ദേശിച്ചില്ലെന്ന വ്യക്തമാക്കിയ നിയമവകുപ്പ് വിശദീകരണക്കുറിപ്പും ഇറക്കി. ചട്ടം സബോര്‍ഡിനേറ്റീവ് ലജിസ്ലേറ്റീവ് കമ്മറ്റിയുടെ മുന്നില്‍ വന്നപ്പോള്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഭേദഗതി എം.എല്‍.എമാര്‍ നിര്‍ദേശിച്ചു. നിര്‍ദേശം അംഗീകരിച്ച മുരളി പെരുനെല്ലി അധ്യക്ഷനായ നിയമസഭാ സമിതി ശരിഅത്തിന് വിരുദ്ധമായ രീതികള്‍ പിന്തുടര്‍ന്നവര്‍ സത്യവാങ്മൂലം നല്‍കണം എന്ന് ചട്ടം ഭേദഗതി ചെയ്യാന്‍ നിര്‍ദേശിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സഭയില്‍ സമര്‍പിച്ചു. നിയമവകുപ്പിനും ഈ നിര്‍ദേശത്തോടെ യോജിപ്പാണെന്നാണ് സൂചന. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് നിയമവകുപ്പ് ചട്ടഭേദഗതി കൂടി കൊണ്ടുവന്നാല്‍ ശരിഅത്ത് ചട്ടം സംബന്ധിച്ചുയര്‍ന്ന ആശയക്കുഴപ്പത്തിന് അന്ത്യമാകും.