LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായി 

ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്‍റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായി 

നെടുങ്കണ്ടത്ത് റിമാന്‍റ് പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ചത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്‍റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അതേസമയം പൊലീസ് വാദങ്ങള്‍ തള്ളി മരിച്ച രാജ്കുമാറിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തി.

പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് 12നാണെന്ന് ബന്ധുക്കള്‍ പറയുന്നു. നെടുങ്കണ്ടം തൂക്ക്പാലത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി രാജ് കുമാര്‍ കഴിഞ്ഞ 21നാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൊലീസ് മര്‍ദ്ദനം മൂലമാണ് പ്രതി മരിച്ചതെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത് 12ാം തിയ്യതിയിലാണെന്ന വെളിപ്പെടുത്തലുമായി ബന്ധു മോഹനന്‍ രംഗത്തെത്തി.

നെടുംങ്കണ്ടം പഞ്ചായത്തംഗം ആലീസ് തോമസും ഇതേവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ 16ാം തിയ്യതിയാണ് പൊലീസ്, രാജ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും കോടതിയില്‍ ഹാജരാക്കിയതും. 12 മുതല്‍15വരെയുള്ള ദിവസങ്ങളില്‍ രാജ് കുമാറിനെ പൊലീസ് എവിടെ കസ്റ്റഡിയില്‍ വെച്ചു എന്നുള്ളതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ 16ന് പുലര്‍ച്ചെ രാജ് കുമാറിനെ എത്തിച്ചപ്പോള്‍ അവശനിലയിലായിരുന്നുവെന്ന് ഡോകര്‍മാരും വെളിപ്പെടുത്തിയിരുന്നു.

പൊലീസിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കോട്ടയം കെ.എം.സാബു മാത്യുവിന്‍റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. കൊച്ചി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ മരിച്ച രാജ് കുമാറിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.