LiveTV

Live

Kerala

രാജ്കുമാറിന്റെ കസ്റ്റഡി മരണം; നാട്ടുകാരെ പ്രതിയാക്കി പൊലീസ്

നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് നല്‍കിയ പരാതിയിലാണ് തൂക്കുപാലം, കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിലെ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

രാജ്കുമാറിന്റെ കസ്റ്റഡി മരണം; നാട്ടുകാരെ പ്രതിയാക്കി പൊലീസ്

ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിമരണം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രാജ്കുമാര്‍ ഏപ്രില്‍ മാസം മുതലാണ് വീട്ടിലെത്താതിരുന്നതെന്നും ഭാര്യ വിജയ പറഞ്ഞു.

നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് നല്‍കിയ പരാതിയിലാണ് തൂക്കുപാലം, കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിലെ കണ്ടാലറിയാവുന്ന മുപ്പത് പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്കുമാറുമായി തട്ടിപ്പിന് ഇരയായവരും പഞ്ചായത്ത് അംഗവും പണം പിന്‍വലിക്കാന്‍ കുട്ടിക്കാനത്ത് എത്തിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വാഹനത്തില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചതെന്നായിരുന്നു പരാതി.

കഴിഞ്ഞ 12ാംതീയതി ഉച്ചയ്ക്ക് പ്രതി രാജ്കുമാറിനെ പൊലീസിന് കൈമാറിയിരുന്നുവെന്ന് നേരത്തെ ആലീസ് തോമസ് വെളിപ്പിടുത്തിയിരുന്നു. എന്നാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പൊലീസ് മറുതന്ത്രം പയറ്റുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ പൊലീസ് രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത് 12 ആം തിയ്യതിയിലാണെന്ന വെളിപ്പെടുത്തലുമായി ഭാര്യയും ബന്ധുക്കളും രംഗത്തെത്തി.

കൊച്ചി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ മരിച്ച രാജ് കുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ശേഷം നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തി തെളിവെടുപ്പ് നടത്തി.