LiveTV

Live

Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സ്‌റ്റേ ഹൈക്കോടതി പിന്‍വലിച്ചില്ല

കെ.ഇ.ആര്‍ പരിഷ്‌കരിക്കുന്നതിന് ഉത്തരവ് തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടരണമെന്നും വ്യക്തമാക്കി.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സ്‌റ്റേ ഹൈക്കോടതി പിന്‍വലിച്ചില്ല

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള സ്‌റ്റേ ഹൈക്കോടതി പിന്‍വലിച്ചില്ല. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ദേദഗതി വരുത്തുന്നതിന് ഉത്തരവ് തടസമല്ലെന്ന് കോടതി വ്യക്തമാക്കി. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സംയോജനത്തിന് തുടക്കം കുറിച്ചെങ്കിലും ഹൈക്കോടതിയുടെ സ്‌റ്റേ മൂലം നടപടികള്‍ നിലച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ രണ്ട് മാസത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തിരുന്നത്. സ്‌റ്റേ നീക്കണമെന്ന ആവശ്യം അനുവദിച്ചില്ലെങ്കിലും കോടതി ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി.

കെ.ഇ.ആര്‍ പരിഷ്‌കരിക്കുന്നതിന് ഉത്തരവ് തടസമില്ലെന്ന് വ്യക്തമാക്കിയ കോടതി നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടരണമെന്നും വ്യക്തമാക്കി. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പായി അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ അനധ്യാപകര്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവരെ കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും നായര്‍ സര്‍വീസ് സൊസൈറ്റിയുമടക്കം നല്‍കിയ ഹരജികളിലാണ് ജൂണ്‍ 17ന് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല സ്‌റ്റേ ഉത്തരവുണ്ടായത്. പൊതുവിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കാനെന്ന പേരില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ ആറ് മുതല്‍ ലയനം നടപ്പാക്കുന്നതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതമാണ് സര്‍ക്കാര്‍ വരുത്തിവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍.