LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രത്യേക സംഘം രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് അന്വേഷണത്തെ ബാധിച്ചേക്കും

കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ക്രൈം ബ്രാഞ്ച് എസ്.പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 

നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രത്യേക സംഘം രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് അന്വേഷണത്തെ ബാധിച്ചേക്കും

ഇടുക്കി നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും പ്രത്യേക സംഘം രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് അന്വേഷണത്തെ ബാധിച്ചേക്കും. കോട്ടയം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ക്രൈം ബ്രാഞ്ച് എസ്.പിമാര്‍ക്ക് ചുമതല നല്‍കിയേക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അതിനാല്‍ നെടുങ്കണ്ടത്തെ തെളിവെടുപ്പും ഇന്നലെയുണ്ടായില്ല. സംഭവത്തില്‍ ഇടുക്കി എസ്.പിക്കെതിരായി അന്വേഷണം വേണമെന്നും നെടുങ്കണ്ടം സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിരുന്ന സമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ സ്വദേശി രാജ്കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സംഘം രൂപികരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇന്നലെ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം നെടുങ്കണ്ടത്ത് തെളിവെടുപ്പിനായി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കൊച്ചി ക്രൈം ബ്രാഞ്ച് ഐ.ജിക്കാണ് അന്വേഷണ ചുമതല. പൊലീസ് സംഘം തന്നെ കുറ്റാരോപിതരായതിനാലാണ് അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ കാലതമാസമുണ്ടാകുന്നതെന്നാണ് വിമര്‍ശനം. പ്രതിയെ ആദ്യം കൊണ്ടുവന്ന നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു. ഒപ്പം ഇടുക്കി എസ്പിക്കെതിരെയും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് കാലതാമസമുണ്ടാകുന്നതെന്നും വിമര്‍ശനമുണ്ട്.

അതേസമയം കട്ടപ്പന ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് സമര്‍പ്പിച്ചേക്കും. പൊലീസിന്റെ വാദങ്ങള്‍ പൊളിക്കുന്ന വെളിപ്പെടുത്തലുമായി നെടുങ്കണ്ടം പഞ്ചയാത്ത് അംഗവും പ്രതിയെ ആദ്യം ചികില്‍സിച്ച ഡോക്ടര്‍മാരും ഇന്നലെ രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് അംഗം ആലീസ് തോമസിനെ കൂടാതെ മറ്റ് നാല് പഞ്ചായത്ത് അംഗങ്ങളും മരിച്ച രാജ്കുമാര്‍ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്.