LiveTV

Live

Kerala

കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ വിഭാഗീയത ശക്തമാകുന്നതിനിടെ പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളളവരുടെ സാന്നിധ്യത്തിലാണ് യോഗം.

കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ വിഭാഗീയത ശക്തമാകുന്നതിനിടെ പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി സി.പി.എം കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ വിഭാഗീയത ശക്തമാകുന്നതിനിടെ പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളളവരുടെ സാന്നിധ്യത്തിലാണ് യോഗം.ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത.

കണ്ണൂരിലെ സി.പി.എമ്മിനുളളില്‍ വിഭാഗീയതയുടെ കനല്‍ എരിഞ്ഞ് തുടങ്ങിയിട്ട് കാലമേറെയായി.പി.ജയരാജനുമായി ഏറെ അടുപ്പമുണ്ടായിരുന്ന പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയും അനുബന്ധ വിവാദങ്ങളും ആ വിഭാഗീയത് ആക്കം കൂട്ടി. സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളില്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം.ഇക്കാര്യം ആന്തൂരില്‍നടന്ന പൊതുയോഗത്തില്‍ പി.ജയരാജന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടറിയേറ്റ് നിലപാട് തളളിയ സംസ്ഥാന നേതൃത്വം പി.ജയരാജനെ ശാസിച്ചു.പിന്നാലെ നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി.

പി.ജയരാജനെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ പേജുകളിലായിരുന്നു വിമര്‍ശനം ഏറെയും. ഇതിനിടെയാണ് സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗം ഇന്ന് ആരംഭിക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള നേതാക്കളുടെ സാന്നിധ്യത്തിലാവും ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെ ജില്ലാ കമ്മറ്റിയും ചേരുക.ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാന കമ്മറ്റിയുടെ നിലപാടിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമുയരുമെന്നാണ് സൂചന.