LiveTV

Live

Kerala

സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം

സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും സാമ്പത്തിക ക്രമക്കേടുകളിലൂടെയാണ് ഈ സ്വത്ത് സമ്പാദിച്ചതെന്നും ചൂണ്ടികാട്ടിയായിരുന്നു പരാതി.

സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം

സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നി വിഷയങ്ങളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മറ്റി അന്വേഷണത്തിന് രണ്ടംഗസമിതിയെ ചുമതലപ്പെടുത്തിയത്. സി.എം ദിനേശ് മണി, പി.ആര്‍ മുരളി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

കളമശ്ശേരി ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെതിരെ കളമശ്ശേരിയില്‍ നിന്നുള്ള സി.പി.എം നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സി.പി.എം ജില്ലാ നേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടത്. സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നും സാമ്പത്തിക ക്രമക്കേടുകളിലൂടെയാണ് ഈ സ്വത്ത് സമ്പാദിച്ചതെന്നും ചൂണ്ടികാട്ടിയായിരുന്നു പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന ആരോപണങ്ങളില്‍ സക്കീര്‍ഹുസൈന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു.

രണ്ട് വീടുകളുണ്ടെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയതെന്നുമാണ് സക്കീര്‍ ഹുസൈന്റെ വിശദീകരണം. കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇതിന് മുമ്പ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയത്.