LiveTV

Live

Kerala

കോഴിക്കോട് ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി

ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

കോഴിക്കോട് ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി

മുറിച്ച മരം നീക്കാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി. ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന കലക്ടറുടെ ഉറപ്പില്‍ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍മാറി. ചക്കിട്ടപ്പാറ പഞ്ചായത്തിലെ സണ്ണി എന്ന ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്ന് ഉച്ചയോടെയാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് ആത്മഹത്യാ ശ്രമം നടത്തിയത്. മുറിച്ചു മാറ്റിയ മരം നീക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് എത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ ഡി.എഫ്.ഒ പങ്കെടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. ഡി.എഫ്.ഒ ഓഫീസിലെ ഫാനില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ജോസഫ് ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍മാറിയത്.

പെരുവണ്ണാമുഴി ഡാമിനായി ഭൂമി വിട്ടു നല്‍കിയ 250 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പകരം ഭൂമി നല്‍കിയിരുന്നു. എന്നാല്‍ ക്രയവിക്രയങ്ങള്‍ക്ക് അനുമതി വനം വകുപ്പ് നല്‍കിയിരുന്നില്ല. വനം വകുപ്പിന്റെ ഭൂമിയാണെന്ന് പറഞ്ഞാണ് ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നതെന്ന് സംയുക്ത കര്‍ഷക സമര സമിതി പറയുന്നു. ചക്കിട്ടപ്പാറയിലെ കര്‍ഷകരുടെ ഭൂമി പ്രശ്നം പരിഹരിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.