LiveTV

Live

Kerala

അനധികൃത കേസുകള്‍ നിലനില്‍ക്കെ ഉദ്യോഗസ്ഥനെ വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തിരിച്ചെടുത്തു

കോഴിക്കോട് സീനിയര്‍ ജിയോളജിസ്റ്റ് മോഹനനെ തിരിച്ചെടുത്തു കൊണ്ടാണ് വ്യവസായ വകുപ്പിന്റെ അസാധാരണ നടപടി. 

അനധികൃത കേസുകള്‍ നിലനില്‍ക്കെ ഉദ്യോഗസ്ഥനെ വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തിരിച്ചെടുത്തു

വിജിലന്‍സ് അന്വേഷണം നേരിടുന്ന ജിയോളജി വകുപ്പുദ്യോഗസ്ഥനെ വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തിരിച്ചെടുത്തത് അനധികൃത ഖനനം സംബന്ധിച്ച കേസുകള്‍ നിലനില്‍ക്കെ. കോഴിക്കോട് സീനിയര്‍ ജിയോളജിസ്റ്റ് മോഹനനെ തിരിച്ചെടുത്തു കൊണ്ടാണ് വ്യവസായ വകുപ്പിന്റെ അസാധാരണ നടപടി. ഇത് സംബന്ധിച്ച് പരിസ്ഥിതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാതെ ഖനനത്തിന് ഒത്താശ ചെയ്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് സർവീസിൽ തിരിച്ചെടുക്കാൻ വ്യവസായ വകുപ്പ് തീരുമാനിച്ചത്. സസ്‌പെന്‍ഡ് ചെയ്ത് ഒന്നര മാസത്തിന് ശേഷമാണ് നടപടി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസിൽ മോഹനനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചതടക്കം മറച്ച് വെച്ചാണ് വ്യവസായ വകുപ്പിന്റെ നടപടി. തിരിച്ചെടുക്കാനുള്ള ഉത്തരവ് വെബ്‌സൈറ്റില്‍ ഇടാതെ പൂഴ്ത്തിവെച്ചുവെന്നും വിരമിക്കാന്‍ 3 ദിവസം മാത്രം ശേഷിക്കെ മോഹനന് സ്ഥാനക്കയറ്റം നല്‍കാന്‍ വ്യവസായവകുപ്പില്‍ മിന്നല്‍ വേഗത്തില്‍ ഫയല്‍ നീങ്ങുന്നുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍ ആരോപിച്ചു.

ജിയോളജി അഡീഷണല്‍ ഡയറക്ടറും മറ്റൊരു കേസില്‍ വിജിലന്‍സ് നടപടി നേരിടുന്നയാളുമായ രാമകൃഷ്ണനാണ് മോഹനനെ സംരക്ഷിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. വ്യവസായ വകുപ്പിന്റെ അസാധാരണ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് ഹരീഷ് വാസുദേവൻ തെളിവടക്കം പരാതി നൽകിയിട്ടുണ്ട്.