LiveTV

Live

Kerala

എം.ബി.ബി.എസ് ഫീസ് നിശ്ചയിക്കാതെ പ്രവേശനം  തുടങ്ങാനാവില്ലെന്ന് മാനേജ്മെന്‍റുകള്‍

സ്വാശ്രയ മാനേജ്മെന്‍റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു.

എം.ബി.ബി.എസ്  ഫീസ് നിശ്ചയിക്കാതെ പ്രവേശനം  തുടങ്ങാനാവില്ലെന്ന് മാനേജ്മെന്‍റുകള്‍

എം.ബി.ബി.എസ് പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികള്‍ തുടങ്ങാനാവില്ലെന്ന് സാശ്രയ മാനേജ്മെന്‍റുകള്‍. ഇതോടെ ഇന്ന് തുടങ്ങാനിരുന്ന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അവതാളത്തിലായി. സ്വാശ്രയ മാനേജ്മെന്‍റുകളുടെ രണ്ട് അസോസിയേഷനുകളും ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ ഫീസ് കോടതി റദ്ദാക്കുകയും ഇതുവരെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുകയും ചെയ്തിരുന്നില്ല. ഈ വര്‍ഷത്തെ ഫീസും എത്രയെന്ന് തീരുമാനിക്കാനുമായിട്ടില്ല. ഇതോടെയാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ ഫീസുകള്‍ പുതുക്കി നിശ്ചയിക്കാതെ പ്രവേശനം നടത്താനാവില്ലെന്ന നിലപാട് എടുത്തത്. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് പിന്നീട് നല്‍കാമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും സത്യവാങ്മൂലം വാങ്ങി പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. ഇതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുടെ സഹകരണമില്ലാതെ എം.ബി.ബി.എസ് പ്രവേശനം നടത്താന്‍ കഴിയാത്ത അവസ്ഥയായി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് മാത്രമായി പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്.

മാനേജ്മെന്‍റുകളുടെ നിലപാട് അറിഞ്ഞിട്ടും മാനേജ്മെന്‍റുകളുമായുള്ള ചര്‍ച്ച സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടായിട്ടുമില്ല. പ്രവേശനം എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയാല്‍ മാത്രമേ ഓപ്ഷന്‍ സ്വീകരിക്കാന്‍ കഴിയൂ. സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുടെ നിലപാട് കാരണം പ്രവേശനം സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍.