LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍

പ്രതിക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു. ഓടി വീണ് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു

 നെടുങ്കണ്ടം കസ്റ്റഡി മരണം; സ്ട്രക്ചറിലാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍

ഇടുക്കി പീരുമേട് സബ് ജയിലില്‍ മരിച്ച റിമാന്‍ഡിലുണ്ടായിരുന്ന പ്രതി രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍. ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കാലില്‍ നീരുണ്ടായിരുന്നുവെന്നും പ്രതിയെ ആദ്യം ചികില്‍സയ്ക്ക് എത്തിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതി ഓടി കുഴിയില്‍ വീണ് പരിക്കേറ്റതായാണ് പൊലീസ് വ്യക്തമാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീരുമേട് സബ്‍ജയിലില്‍ കഴിയവെ മരിച്ചത്. രാജ്കുമാറിനെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. 16നാണ് അറസ്റ്റ് രേഖപ്പെടുത്തുന്നതും പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുന്നതും. എന്നാല്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ 16ന് പുലര്‍ച്ചെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ചിരുന്നു. പ്രതി രാജ്കുമാറിന് നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും സ്ട്രക്ച്ചറിലാണ് പൊലീസ് കൊണ്ടുവന്നതെന്നുമാണ് ആദ്യം ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിയുടെ അരയ്ക്ക് താഴെ മുറിവ് ഉണ്ടായിരുന്നില്ലെന്നും കാലുകളില്‍ നീര് ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതി ഭയപ്പെട്ടിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കാര്യം തിരക്കിയപ്പോള്‍ പ്രതി രാജ്കുമാര്‍ ഓടി കുഴിയില്‍ വീണുവെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. 16ന് വൈകിട്ട് പ്രതിയുമായി പൊലീസ് മടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിനും തെളിവെടുപ്പിനുമായി നെടുങ്കണ്ടത്ത് എത്തും. സംഭവത്തില്‍ നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒന്‍പത് പേരെ സ്ഥലം മാറ്റുകയും ചെയ്തു. മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല.

Also read: നെടുങ്കണ്ടം കസ്റ്റഡി മരണം; നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു

Also read: റിമാന്‍ഡ് പ്രതി മരിച്ച സംഭവം: നെടുങ്കണ്ടം എസ്.ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍