LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു

ചിട്ടി തട്ടിപ്പ് കേസ് പ്രതിയായിരുന്ന രാജ്കുമാറിനെ പൊലീസിന് 12ആം തിയതിയാണ് കൈമാറിയതെന്നും അപ്പോള്‍ ആരോഗ്യവാനായിരുന്നുവെന്നും നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തി

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു

ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു. ചിട്ടി തട്ടിപ്പ് കേസ് പ്രതിയായിരുന്ന രാജ്കുമാറിനെ പൊലീസിന് 12ആം തിയതിയാണ് കൈമാറിയതെന്നും അപ്പോള്‍ ആരോഗ്യവാനായിരുന്നുവെന്നും നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസ് വെളിപ്പെടുത്തി. ഈ മാസം 16നാണ് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21നാണ് പീര്മേട് സബ്ജയില്‍ കഴിയവെ മരിച്ചത്. പൊലീസിന്‍റെ കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് നേരത്തെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ മാസം 16നാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതും കോടതിയില്‍ ഹാജരാക്കിയതും. നെടുങ്കണ്ടം പഞ്ചായത്ത് അംഗം ആലീസ് തോമസിന്‍റെ വെളിപ്പെടുത്തല്‍ ഇവിടെയാണ് നിര്‍ണായകമാകുന്നത്.

12ആം തീയതി പൊലീസിന് പ്രതി രാജ്കുമാറിനെയും കൂട്ടുപ്രതികളായ മഞ്ജു, ശാലിനി എന്നിവരെയും ഇടുക്കി പുളിയന്‍മലയില്‍വച്ച് കൈമാറിയെന്നാണ് പഞ്ചായത്ത് അംഗത്തിന്‍റെ വെളിപ്പെടുത്തല്‍. പൊലീസിന് കൈമാറിയപ്പോള്‍ പ്രതി രാജ്കുമാറിന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. രാജ്കുമാറിന്‍റെ പണമിടപാട് സ്ഥാപനത്തിലെ തട്ടിപ്പിന് ഇരയായ ആളുകളില്‍ ഒരാളാണ് പഞ്ചായത്ത് അംഗം.

പ്രതിയെ ഓടിച്ചിട്ട് പിടികൂടിയെന്ന പൊലീസ് വാദവും ഇതോടെ പൊളിയുകയാണ്. പ്രതി രാജ്കുമാറിനെ 16ന് പുലര്‍ച്ചെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ചത് സ്ട്രക്ച്ചറിലായിരുന്നുവെന്നും നടക്കാനാകാത്ത അവസ്ഥയായിരുന്നുവെന്നും നേരത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കാലുകള്‍ക്ക് നീര് ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണു എന്നാണ് പൊലീസ് ഡോക്ടര്‍മാരോട് വ്യക്തമാക്കിയത്. ഇതോടെ പ്രതി പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിന് ഇരയായി എന്ന ബന്ധുക്കളുടെ പരാതിക്ക് ബലമേറുകയാണ്. സംഭവത്തില്‍ ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

പൊലീസ് കൂടുതല്‍ പ്രതിരോധത്തിലാകും എന്നതുകൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരും മുമ്പെ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും ഒന്‍പത് പേര്‍ക്ക് സ്ഥലം മാറ്റവും നല്‍കി നടപടി സ്വീകരിച്ചത്.