LiveTV

Live

Kerala

സസ്പെന്‍ഷനിലായ ജിയോളജിസ്റ്റിന് ഉദ്യോഗ കയറ്റം നല്‍കി നിയമിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍

വിജിലന്‍സ് കേസ് നടന്നുവരുന്നത് മറച്ച് വെച്ചാണ് ടി മോഹനനെ തിരികെ എടുക്കുന്നതെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സസ്പെന്‍ഷനിലായ ജിയോളജിസ്റ്റിന് ഉദ്യോഗ കയറ്റം നല്‍കി നിയമിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍

സസ്പെന്‍ഷനിലായ ജിയോളജിസ്റ്റിനെ തിരികെയെടുത്ത് ഉദ്യോഗ കയറ്റം നല്‍കി നിയമിക്കാനുള്ള നീക്കത്തിന് എതിരെ കൂടുതല്‍ പരാതികളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. വിജിലന്‍സ് കേസ് നടന്നുവരുന്നത് മറച്ച് വെച്ചാണ് ചട്ടവിരുദ്ധമായി ക്വാറികള്‍ക്ക് അനുമതി നല്‍കിയ കേസില്‍ സസ്പെന്‍ഷനിലായ ടി മോഹനനെ തിരികെ എടുക്കുന്നതെന്നും കാട്ടി മുഖ്യമന്ത്രിക്കാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ടി മോഹനന് എതിരെ ഒരു കേസില്‍ അന്വേഷണം നടന്നുവരുന്നതായി വിജിലന്‍സ് കോഴിക്കോട് യൂണിറ്റും സ്ഥിരീകരിച്ചു.

കോഴിക്കോട് വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം രജിസ്റ്റര്‍ ചെയ്ത പൂനൂര്‍പൊയിലിലെ ക്വാറിയുമായി ബന്ധപ്പെട്ട കേസിലും ഒന്നാം പ്രതിയാണ് മോഹനന്‍. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒപ്പം ഇതേ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജി നിലനില്‍ക്കുന്നു. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ജിയോളജി ഡയറക്ടറേറ്റ് മോഹനന് അനുകൂലമായി തീരുമാനം എടുത്തതെന്നാണ് പ്രധാന ആക്ഷേപം.

തോട്ടഭൂമികളില്‍ കോടതി ഉത്തരവ് പോലും ലംഘിച്ച് ക്വാറി അനുവദിച്ചതിന് പുറമേ കൊടിയത്തൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 172ല്‍ സര്‍ക്കാര്‍ മിച്ച ഭൂമിയിലും മോഹനന്‍ ക്വാറി അനുവദിച്ചതായി പരിസ്ഥിതി പ്രവര്‍ത്തകരായ ബാലകൃഷ്ണനും അജിത് കുമാറും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതികള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.