LiveTV

Live

Kerala

സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി

പുതിയതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറി ബക്കളത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി. നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നഗരസഭാ സെക്രട്ടറി

സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഉടമസ്ഥതയിലുളള ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാകില്ലെന്ന് ആന്തൂര്‍ നഗരസഭയുടെ പുതിയ സെക്രട്ടറി. നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നഗരസഭാ സെക്രട്ടറി എം സുരേശന്‍ അറിയിച്ചു.

പുതിയതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറിയുടെയും അസി.എഞ്ചിനീയറുടെയും നേതൃത്വത്തില്‍ ബക്കളത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇന്ന് പരിശോധന നടത്തിയിരുന്നു. മുന്‍ നഗരസഭാ സെക്രട്ടറി കണ്ടെത്തിയ ചട്ടലംഘനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു.

ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുളള മുന്‍ നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് കേസില്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. ഇതോടെ ഗിരീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. സസ്പെന്‍ഷനിലുളള രണ്ട് നഗരസഭാ ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തി.

പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. സമാന ആവശ്യമുന്നയിച്ച് യുവമോര്‍ച്ചയും ഇന്ന് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.