LiveTV

Live

Kerala

ബിനോയിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

തിങ്കളാഴ്ച്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.

ബിനോയിയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും മുംബൈ ദിൻഡോഷി സെഷൻസ് കോടതി നിർദേശിച്ചു. അതിനിടെ, ബിനോയ് യുവതിക്കയച്ച വിസ ഉൾപ്പടെയുളള കൂടുതൽ രേഖകൾ പുറത്ത് വന്നു.

ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്നും അവ ഹാജരാക്കാൻ അനുവദിക്കണമെന്നുമാണ് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചത്. ദുബൈക്ക് പോകാനായി യുവതിക്കും കുട്ടിക്കും 2015 ഏപ്രിൽ 1ന് ബിനോയ് അയച്ച വിസ രേഖകളും വിമാന ടിക്കറ്റും കോടതിയിൽ നൽകും. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും യുവതി വാദിച്ചു.

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് വാദിച്ച ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ പരാതിക്കാരിക്ക് പുതിയ അഭിഭാഷകനെ വെക്കുന്നതിനേയും എതിർത്തു. ഇക്കാര്യത്തിൽ കോടതിയിൽ തർക്കം നടന്നതോടെയാണ് എല്ലാവരുടേയും വാദം കേൾക്കുന്നതിന് സന്നദ്ധമാണെന്ന് പറഞ്ഞ് വാദങ്ങൾ എഴുതി നൽകാൻ കോടതി യുവതിയുടെ അഭിഭാഷകനോട് നിർദേശിച്ചത്. യുവതിക്ക് പുതിയ അഭിഭാഷകനെ വെക്കുന്നതിന് അനുമതി നൽകിയ കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

തിങ്കളാഴ്ച വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകി. ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിലാണ് നേരത്തെ ബിനോയിക്കെതിരെ മുംബൈ അന്ധേരി ഓഷിവാര പോലീസ് കേസെടുത്തിരുന്നത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ കുട്ടിയുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.

Also read: ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

Also read: ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി